കഴക്കൂട്ടം : ആന്ധ്രയില്‍ നിന്നും രണ്ട് ആഡംബര കാറുകളിലായി കടത്തിക്കൊണ്ടുവന്ന 125 കിലോ കഞ്ചാവുമായി മൂന്ന് പേരെ പിടികൂടി.
പള്ളിച്ചൽ വെടിവെച്ചാൻ കോവിൽ മേലെവീട് പ്രീതഭവനിൽ കാവുവിള ഉണ്ണി എന്നു വിളിക്കുന്ന ഉണ്ണികൃഷ്ണൻ (33) മലയിൻകീഴ് മേപ്പുക്കട പോളച്ചിറ മേലെ പുത്തൻ വീട്ടിൽ സജീവ് (26), തൈക്കാട് രാജാജി നഗർ സ്വദേശി സുബാഷ് (34) എന്നിവരെയാണ് സ്പെഷൽ ആക്ഷൻ ഗ്രൂപ്പ് എഗനസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ടീമിന്റെ സഹായത്തോടെ കഴക്കൂട്ടം പോലീസ് അറസ്റ്റു ചെയ്തത്.
തിരുവനന്തപുരം ജില്ലയിലും സമീപ ജില്ലകളിലും കഞ്ചാവ് മൊത്ത വിൽപ്പന നടത്തുന്ന പ്രധാന സംഘമാണ് പോലീസ് വലയിലായത്.
ഡെപ്യൂട്ടി കമ്മീഷണർ അങ്കിത് അശോകന്റെ നിര്‍ദേശ പ്രകാരം നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ഷീൻ തറയിലിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ടീം നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് കടത്ത് സംഘത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
തുടർന്ന് മാസങ്ങളായി സംഘം പോലീസ് നിരീക്ഷണത്തിലായിരുന്നു.ആന്ധ്രയിൽ നിന്നും രണ്ടു കാറുകളിലായി കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി വന്ന സംഘത്തെ കേരള അതിർത്തി മുതൽ സ്പെഷൽ ടീം പല സംഘങ്ങളായി തിരിഞ്ഞ് പിൻതുടർന്നു വന്ന്, കഴക്കൂട്ടം ദേശീയ പാതയിൽ കൃത്രിമ ഗതാഗത തടസം സൃഷ്ടിച്ച് കഴക്കൂട്ടം പോലീസും സ്പെഷൽ ടീമും ചേർന്ന് പിടികൂടുകയായിരുന്നു.
125 കിലോ കഞ്ചാവും അത് കടത്താൻ ഉപയോഗിച്ച വെര്‍ണ, സ്കോട കാറുകളും പോലീസ് പിടിച്ചെടുത്തു.പ്രതികളിൽ ഉണ്ണികൃഷ്ണനാണ് കഞ്ചാവ് കടത്ത് സംഘത്തിന്റെ തലവൻ. സ്പിരിറ്റ് കടത്ത്, കഞ്ചാവ് കേസുകളുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരേ ആന്ധ്രാപ്രദേശിലും കേസ് നിലവിലുണ്ട്.
മറ്റൊരു പ്രതിയായ സജീവിന് കരമന സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതക കേസും വലിയതുറ, മ്യൂസിയം, മണ്ണന്തല തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ ബൈക്ക് മോഷണ കേസുകളും നിലവിലുണ്ട്.
നർക്കോട്ടിക് സെൽ എസിപി ഷീൻ തറയിൽ, കഴക്കൂട്ടം സൈബർ സിറ്റി എസിപി സി.എസ്. ഹരി എന്നിവരുടെ നേതൃത്വത്തിൽ കഴക്കൂട്ടം എസ്എച്ച്ഒ ജെ.എസ്. പ്രവീൺ എന്നിവരും സ്പെഷൽ ടീമിലെ എസ്ഐമാരായ യശോധരൻ, അരുൺകുമാർ എന്നിവരുമടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.