കറുകച്ചാൽ: നിരത്തുകളിൽ ലോട്ടറി വ്യാപാരം നടത്തുന്ന ചെറുകിട വ്യാപാരികളെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം സജീവമാകുന്നു. നന്പർ തിരുത്തിയ ലോട്ടറികളുമായാണ് ചെറുകിട വ്യാപാരികളെ തേടി ഇവർ എത്തുന്നത്.
ജില്ലയിൽ വിവധ ഇടങ്ങളിൽ ഇത്തരം സംഭവം നടക്കുന്നുണ്ട്. നന്പർ തിരുത്തി 1000, 5000 രൂപയുടെ സമ്മാനമുണ്ടെന്നു പറഞ്ഞെത്തുന്ന സംഘം വ്യാപാരികളുടെ കയ്യിലുള്ള പണവും ടിക്കറ്റും അപഹരിക്കുകയാണ്.
വ്യാപാരികൾ ലോട്ടറി ഓഫീസിലെത്തുന്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്. ഇത്തരത്തിൽ ഏറ്റവും അവസാനം നടന്നത് ബുധനാഴ്ച 11.30ന് കറുകച്ചാൽ നെത്തല്ലൂർ ക്ഷേത്രത്തിന് സമീപം കോട്ടയം റോഡിലായിരുന്നു.
ലോട്ടറി വിൽപനക്കാരനെ കബളിപ്പിച്ച് 25 ലോട്ടറി ടിക്കറ്റുകളും 1000 രൂപയും തട്ടിയെടുത്തു. നിരത്തിൽ നടന്നു ലോട്ടറി കച്ചവടം നടത്തുന്ന മാന്തുരുത്തി മാപ്പിളക്കുന്നേൽ എം.സി. ജോസഫി (70)ന്റെ പണവും ലോട്ടറി ടിക്കറ്റുകളുമാണ് നഷ്ടമായത്.
ലോട്ടറി ടിക്കറ്റുകളുമായി തോട്ടയ്ക്കാട് ഭാഗത്തേക്ക് പോകുന്പോൾ ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ ആൾ ജോസഫിന് സമീപത്ത് ബൈക്ക് നിർത്തി 25 ടിക്കറ്റുകൾ തിരഞ്ഞെടുത്തു.
തുടർന്ന് 1000 രൂപ വീതം സമ്മാനമടിച്ച നാല് ടിക്കറ്റുകൾ തന്റെ കൈവശമുണ്ടെന്നും പണം വേണമെന്നും ജോസഫിനോട് ആവശ്യപ്പെട്ടു.
1000 രൂപ മാത്രമെ കൈയ്യിലുള്ളെന്ന് ജോസഫ് പറഞ്ഞപ്പോൾ 1000 രൂപ വാങ്ങുകയും 25 ടിക്കറ്റിന് പകരമായി 1000 രൂപയടിച്ച മറ്റൊരു ടിക്കറ്റ് കൂടി നൽകി ഇയാൾ കറുകച്ചാൽ ഭാഗത്തേക്ക് പോയി.
വീട്ടിലെത്തി ടിക്കറ്റ് പരിശോധിച്ചപ്പോളാണ് ലോട്ടറിയുടെ നന്പറുകൾ തിരുത്തിയതാണെന്ന് തിരിച്ചറിഞ്ഞത്. തട്ടിപ്പ് മനസിലായതോടെ ജോസഫ് കറുകച്ചാൽ പോലീസിൽ പരാതി നൽകി. ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയാണ് കൂടുതൽ തട്ടിപ്പും നടത്തുന്നത്.