സെബി മാത്യു
ന്യൂഡൽഹി: ഗുജറാത്ത് കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതു ശരിവച്ച് സുപ്രീംകോടതി.
മോദിയെ കുറ്റവിമുക്തനാക്കിയതിനെതിരേ കലാപത്തിൽ കൊല്ലപ്പെട്ട കോണ്ഗ്രസ് എംപി എഹ്സാൻ ജാഫ്രിയുടെ പത്നി സാക്കിയ ജാഫ്രി നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
ഗുജറാത്ത് കലാപത്തിൽ അന്നു സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് മജിസ്ട്രേറ്റ് കോടതി ശരിവച്ചിരുന്നു.
പിന്നീട് ഹൈക്കോടതിയും ഇക്കാര്യം ശരിവച്ചതോടെയാണ് സാക്കിയ ജാഫ്രി സുപ്രീംകോടതിയെ സമീപിച്ചത്. ഗുജറാത്ത് കലാപത്തിനു പിന്നിൽ ഉന്നതതല ഗൂഢാലോചന ഉണ്ടെന്ന ആരോപണം ശരിവച്ചാൽ ഗോധ്ര കൂട്ടക്കൊലയും ഒരു വലിയ ക്രിമിനൽ ഗൂഢാലോചനയുടെ ഫലമാണെന്നു പറയേണ്ടിവരും.
അത്തരം ആരോപണങ്ങളും വീക്ഷണങ്ങളും തികച്ചും അപഹാസ്യമാണെന്നാണ് 452 പേജുള്ള വിധിയിൽ സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കിയത്.
കേസിൽ നരേന്ദ്ര മോദി ഉൾപ്പെടെ 63 പേരെ വിചാരണ ചെയ്യാൻ തക്ക തെളിവുകളില്ലാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് നൽകിയത്.
എന്നാൽ, 2002ൽ നടന്ന ഗുജറാത്തിലെ വർഗീയകലാപത്തിൽ എഹ്സാൻ ജാഫ്രി ഉൾപ്പെടെ 68 പേർ കൊല്ലപ്പെട്ട ഗുൽബർഗ കേസ് ശരിയായ രീതിയിൽ അന്വേഷിച്ചില്ല എന്നായിരുന്നു സാക്കിയ ജാഫ്രിയുടെ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.
സംഭവം നടക്കുന്പോൾ പോലീസ് കണ്ട്രോൾ റൂമിൽ സംസ്ഥാനത്തെ ഒരു മന്ത്രി ഉണ്ടായിരുന്നു എന്ന കാര്യം ഇവർ അന്വേഷിച്ചില്ലെന്നും സാക്കിയ ആരോപിച്ചിരുന്നു.
സംസ്ഥാന സർക്കാരിനു കീഴിലുള്ള ഏതെങ്കിലും ഒരു അന്വേഷണവിഭാഗത്തിലെ ചില ഉദ്യോഗസ്ഥരുടെ അലംഭാവം ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ തന്നെ ക്രിമിനൽ ഗൂഢാലോചന നടത്തി എന്നു പറയാനാകില്ലെന്ന് ജസ്റ്റീസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി.ടി. രവികുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.
പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് ശരിവച്ച മജിസ്ട്രേറ്റ് കോടതി നടപടിയെ സുപ്രീംകോടതി വിധിയിൽ പ്രശംസിച്ചു.
ആരൊക്കെ എന്തൊക്കെ എങ്ങനെയൊക്കെ എന്നുള്ള വ്യക്തവും കൃത്യവുമായ തെളിവുകളില്ലാതെ ഇത്തരം കുറ്റകൃത്യങ്ങളിൽ ഗൂഢാലോചനകൾ നടന്നു എന്ന് ആരോപണം ഉന്നയിരിക്കരുതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ടീസ്റ്റ സെറ്റൽവാദ് കേസിൽ കക്ഷി ചേർന്നത് സാക്കിയ ജാഫ്രിയുടെ വൈകാരിക വിഷമത്തെ ചൂഷണം ചെയ്താണെന്നും വിധിയിൽ പരാമർശമുണ്ട്.