കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പു കാലത്ത് എല്ലാ മന്ത്രിമാരും മണ്ഡലത്തിലെ ഓരോ വീടും കയറിയിറങ്ങി വോട്ടര്‍മാരുടെ പരാതികള്‍ നേരിട്ടു കേട്ട് പരിഹാരം ഉറപ്പു നല്കിയതിനാല് തന്റെ പണി എളുപ്പമായെന്ന് തൃക്കാക്കര എംഎല്‍എ ഉമ തോമസ്.
അവര്‍ ജനത്തിനു കൊടുത്ത വാക്കു പാലിക്കുമെന്നു തന്നെ വിശ്വസിക്കുന്നു. ഇത്രയധികം മന്ത്രിമാരുടെ പിന്തുണയുള്ളപ്പോള് മണ്ഡലവികസനത്തെക്കുറിച്ചു തനിക്കു യാതൊരു ആശങ്കയുമില്ലെന്നും ഉമ പറഞ്ഞു.
പ്രതിപക്ഷ എംഎല്‍എയെന്ന നിലയില്‍ മണ്ഡലവികസനത്തിനു സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമോ എന്നു ചോദിച്ചപ്പോഴായിരുന്നു നര്‍മത്തില്‍ പൊതിഞ്ഞ മറുപടി.
തെരഞ്ഞെടുപ്പുകാലത്ത് എതിര് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരായ വ്യക്തിഹത്യ ശരിയായിരുന്നോ എന്ന ചോദ്യത്തോട്, ഒരു വിധവയായ തനിക്കല്ലേ ആദ്യം വ്യക്തിഹത്യ നേരിടേണ്ടിവന്നത് എന്നായിരുന്നു ഉമയുടെ മറുചോദ്യം.
മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ വാക്കുകള്‍കൊണ്ട് എന്നെ വേദനിപ്പിച്ചില്ലേ. ജോ ജോസഫിനെതിരേ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതു നടക്കാന്‍ പാടില്ലാത്ത സംഭവമാണ്.
ഇതിനുപിന്നില്‍ ആരാണെങ്കിലും അന്വേഷിച്ചു കണ്ടെത്തി നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. ജോ. ജോസഫ് എന്നല്ല, ഒരാള്‍ക്കെതിരെയും വ്യക്തിഹത്യ പാടില്ലെന്നാണു തന്റെ നിലപാടെന്നും അവര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പു ഫലം വന്നശേഷം കെ.വി. തോമസ് വിളിച്ചിരുന്നോ എന്ന ചോദ്യത്തോടും കരുതലോടെയായിരുന്നു എംഎല്‍എയുടെ മറുപടി.
മാഷിനേക്കാള്‍ പ്രായത്തില്‍ ഇളയവളായ താനല്ലേ വിളിക്കേണ്ടിയിരുന്നതെന്നും വിളിക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ പറഞ്ഞു.