കോട്ടയം: ജില്ലയിൽ പനിബാധിതരേറുന്നു. കുട്ടികൾക്കും മുതിർന്നവരിലും പനിബാധിതരുടെ എണ്ണം ഒരോ ദിവസം കൂടുകയാണ്. ഒരു ദിവസം ജില്ലയിൽ 700 മുതൽ 800 വരെയാളുകൾ പനി ബാധിതരാകുന്നുണ്ട്.
സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളും പനിബാധിതരാൽ നിറഞ്ഞിരിക്കുകയാണ്. മെഡിക്കൽ കോളജിലും കുട്ടികളുടെ ആശുപത്രിയിലും പനി ബാധിച്ച് എത്തുന്നവരുടെ എണ്ണം ഉയർന്നു തന്നെയാണ്.
കാലാവസ്ഥ വ്യതിയാനം മൂലമാണ് പനി വ്യാപകമാകുന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്. വൈറൽ പനി ബാധിതരാണേറെയും.
ജലദോഷം, ശക്തമായ ചുമ എന്നിവയോടു കൂടിയുള്ള പനിയാണ് ഭൂരിഭാഗം പേർക്കും. പനി മാറിയാലും പലർക്കും ചുമയും ക്ഷീണവും വിട്ടുമാറുന്നില്ല. ഇങ്ങനെയുള്ളവർ വീണ്ടും ചികിത്സ തേടിയെത്തുന്നുണ്ട്.
കുട്ടികളിൽ പനിക്കൊപ്പം വയറിളക്കവുമുണ്ട്. ചില പ്രദേശങ്ങളിൽ കുട്ടികളിൽ തക്കാളി പനിയും വ്യാപകമാണ്.പനിക്കൊപ്പം ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണവും കൂടുകയാണ്.
400 മുതൽ 500വരെയാണ് ഓരോ ദിവസത്തെയും കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ ദിവസം 500നു മുകളിൽ എത്തിയിരുന്നു. പനി ബാധിതരിൽ പലർക്കും കോവിഡുണ്ട്. എന്നാൽ മിക്കയാളുകളും പരിശോധനയ്ക്കു വിധേയരാകുന്നില്ല.
കോവിഡ് ലക്ഷണങ്ങൾ കാണുന്പോൾ തന്നെ എല്ലാവരും സ്വന്തം വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണ്. ഇതോടെ യഥാർഥമായ കോവിഡ് കണക്കുകളും ലഭ്യമല്ലാത്ത സ്ഥിതിയാണ്.
കോവിഡ് ലക്ഷണങ്ങൾ കണ്ടാൽ ഉടൻ പരിശോധയ്ക്കു വിധേയമാകുകയാണ് കൃത്യമാ ക്വാറന്റൈനും മരുന്നുകളും കഴിക്കണമെന്നുമാണ് ആരോഗ്യ വകുപ്പ് നിർദേശിക്കുന്നത്.
പനി ബാധിതരുടെ എണ്ണം വർധിച്ചതോടെ ജില്ലയിലെ എല്ലാ താലൂക്ക്, ജനറൽ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും പനി ക്ലീനിക്കുകൾ ആരംഭിച്ചിട്ടുണ്ട്.
പനി ക്ലിനിക്കിലെ നീണ്ട ക്യൂ രോഗികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പനി ക്ലിനിക്കിൽ കൂടുതൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.