തിരുവനന്തപുരം: രാഹുൽഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്ത സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ്. ദേശീയതലത്തിലും കോൺഗ്രസ് പ്രതിഷേധം കടുപ്പിക്കും.
ഡൽഹിയിൽ സിപിഎം ദേശീയ ആസ്ഥാനമായ എകെജി ഭവനിലേക്ക് ഇന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തും.
ഡൽഹിയിലെ എസ്എഫ്ഐ ഓഫീസിലേക്ക് എൻഎസ്യു – യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. അതേസമയം സംസ്ഥാനത്ത് യുഡിഎഫിന്റെ നേതാക്കൾ പ്രതിഷേധസമരങ്ങളുടെ ഭാഗമായി വയനാട്ടിലേക്ക് തിരിക്കും.
കൽപ്പറ്റ ടൗണിൽ പ്രതിഷേധ യോഗങ്ങളും നടത്തും. പ്രതിഷേധ സമരങ്ങൾ കണക്കിലെടുത്ത് കനത്ത സുരക്ഷ ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് പോലീസ്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പെടെയുള്ള പ്രധാന നേതാക്കൾ വയനാട്ടിലെത്തി. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, എം.കെ.രാഘവന്, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി.സിദ്ദിഖ് അടക്കമുള്ള കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സംസ്ഥാന നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും.
പ്രതിഷേധ സമരങ്ങൾ കണക്കിലെടുത്ത് എകെജി സെന്റർ ഉൾപ്പെടെയുള്ളവയ്ക്ക് പോലീസ് സുരക്ഷ കൂട്ടിയിട്ടുണ്ട് . നേരത്തെ സംസ്ഥാനത്തുടനീളം പലയിടങ്ങളിലും പ്രതിഷേധ മാർച്ചിനിടെ സംഘർഷമുണ്ടായി.
ഗാന്ധിജിയുടെ ഫോട്ടോ പോലും…
അതേസമയം സിപിഎം കുട്ടികളെക്കൊണ്ട് ചുടുചോറ് വാരിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.
ഓഫീസ് ആക്രമിച്ചത് ഉന്നതരുടെ അറിവോടെയാണെന്ന് ആരോപിച്ച വേണുഗോപാൽ ഡിവൈഎസ്പി സ്ഥലത്തുണ്ടായിരുന്നിട്ടും നോക്കി നിന്നതെന്തിനാണെന്ന് ചോദിച്ചു.
എസ്എഫ്ഐക്കാർ ഗാന്ധിജിയുടെ ഫോട്ടോ പോലും വെറുതെ വിടാത്തത് ആർഎസ്എസ് രീതിയാണെന്നും കെ.സി.വേണുഗോപാൽ മാധ്യമങ്ങളോടു പറഞ്ഞു.
രാഹുൽ ഗാന്ധി കേരളത്തിലേക്ക്
തിരുവനന്തപുരം: മൂന്നു ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി കേരളത്തിലേക്ക്. ഈ മാസം 30ന് കേരളത്തിലെത്തുന്ന രാഹുൽ ഗാന്ധി ജൂലൈ രണ്ടുവരെ വയനാട് മണ്ഡലത്തിൽ ഉണ്ടാകും.
വയനാട്ടിലെത്തുന്ന രാഹുൽ ഗാന്ധിക്ക് വൻസ്വീകരണമൊരുക്കുമെന്ന് ഡിസിസി അറിയിച്ചിട്ടുണ്ട്. വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചു തകർത്തതിൽ രാജ്യവ്യാപകമായിത്തന്നെ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നത്.
പരിസ്ഥിതി ലോല ഉത്തരവിനെതിരെ എംപിയായ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്നാരോപിച്ചായിരുന്നു ഇന്നലെ എസ്എഫ്ഐ പ്രവർത്തകർ ഓഫീസ് ആക്രമിച്ചത്.