കോട്ടയം: സ്വകാര്യ ബാങ്ക് വീട് ജപ്തി ചെയ്തതിനെത്തുടർന്നു പട്ടികജാതി വിഭാഗത്തിൽപ്പെട്ട വീട്ടമ്മയും മകനും വീടിനു മുന്നിൽ കുത്തിയിരുന്നത് 13 ദിവസം.
പ്രതിഷേധം ശക്തമായപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ഇടപെടലിൽ വായ്പ തിരിച്ചടവിനു ആറു മാസം സമയം നീട്ടി നൽകി ബാങ്ക്.
കോട്ടയം മുള്ളൻകുഴി തുണ്ടിയിൽ ശകുന്തളയുടെ നാലു സെന്റിലുള്ള ചെറിയ വീടാണ് സ്വകാര്യ ബാങ്ക് ജപ്തി ചെയ്തത്. അർബുദബാധയെത്തുടർന്ന് 2013ൽ ശകുന്തളയുടെ ഭർത്താവ് മരണപ്പെട്ടു.
കോവിഡിൽ മുടങ്ങി
2016ൽ ഭവന വായ്പയായി 5.92 ലക്ഷം രൂപയാണ് ശകുന്തള ലോണെടുത്തത്. കോവിഡിന് മുന്പുവരെ കൃത്യമായി തവണകൾ അടച്ചുവരികയായിരുന്നു.
ഇക്കാലയളവിൽ ഏകദേശം 90,000 രൂപ അടച്ചു. തുണി തേയ്ക്കുന്ന ശകുന്തളയ്ക്കും കൂലിപ്പണി ചെയ്തിരുന്ന മകൻ നിധീഷ് രാജിനും കോവിഡിന്റെ വരവോടെ വരുമാനം നിലച്ചപ്പോൾ ബാങ്കിലെ തിരിച്ചടവും മുടങ്ങി.
തുടർന്നാണ് ബാങ്ക് ജപ്തി നടപടിയിലേക്കു നീങ്ങിയത്. വീട് വിറ്റ് പണം അടയ്ക്കാമെന്നു പറഞ്ഞെങ്കിലും ബാങ്ക് സാവകാശം നൽകിയില്ലെന്നു ശകുന്തള പറയുന്നു.
കുത്തിയിരിപ്പ്
ജപ്തിയിലേക്കു നീങ്ങുന്നതിനു മുന്പ് സാവകാശം ലഭിക്കുന്നതിന് അഭിഭാഷകൻ മുഖാന്തിരം നിയമവഴിയുളള സാധ്യതകൾക്കായും ശകുന്തളയും മകനും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
പിന്നാലെ ഒരു മാസത്തിനുള്ളിൽ ബാക്കി അടയ്ക്കേണ്ട ആറ് ലക്ഷം രൂപ തിരികെ അടക്കണമെന്നു ബാങ്ക് ആവശ്യപ്പെട്ടു.
തുടർന്നായിരുന്നു ജപ്തി നടപടി. സാധനങ്ങൾ എടുക്കാനായി മൂന്നു ദിവസം കഴിയുന്പോൾ വീടു തുറന്നു നൽകാമെന്നാണ് ജപ്തി ചെയ്ത സമയത്തു ബാങ്ക് അധികൃതർ ശകുന്തളയോടു പറഞ്ഞിരുന്നത്.
എന്നാൽ, 13 ദിവസമായി അമ്മയും മകനും വീടിനു മുന്നിൽ കാത്തിരുന്നിട്ടും ഇക്കാര്യത്തിൽ നടപടിയായില്ല. മുഴുവൻ തുകയുമടയ്ക്കാതെ വീട് തുറന്നു നൽകില്ലെന്നായിരുന്നു ബാങ്കിന്റെ നിലപാട്.
തിരുവഞ്ചൂർ ഇടപെട്ടു
സംഭവം ശ്രദ്ധയിൽപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സ്ഥലത്തെത്തി ബാങ്ക് അധികൃതരുമായി നേരിട്ടു സംസാരിച്ചാണ് പണം അടയ്ക്കുന്നതിനു സാവകാശവും വീട് തുറന്നു കൊടുക്കുന്നതിനുള്ള അനുമതിയും നേടിക്കൊടുത്തത്.
സീൽ ചെയ്തു പൂട്ടിയ വീട് ബാങ്ക് അധികൃതർ ഇന്നലെ വൈകുന്നേരത്തോടെ തുറന്നു കൊടുത്തു.
അടുത്ത ആറ് മാസത്തിനകം ബാക്കി തുകയായ 8,81,000 രൂപ അടയ്ക്കണമെന്നുള്ള ബാങ്ക് നിബന്ധന അംഗീകരിച്ച് ശകുന്തള ഒപ്പിട്ട് നൽകിയതോടെയാണ് ബാങ്ക് അധികൃതർ താത്കാലികമായി വീട് തുറന്നുകൊടുത്തത്.
ഖത്തറിലുള്ള പ്രവാസി മലയാളികൾ സാന്പത്തിക സഹായവുമായി സമീപിച്ചിട്ടുണ്ടെന്നും അതിലൂടെ വായ്പ തിരിച്ചടയ്ക്കാനുള്ള പണം കണ്ടെത്താനാകുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു.