ആര്യങ്കാവ് : ആര്യങ്കാവില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ 10,750 കിലോ പഴകിയ മീന്‍ പിടികൂടി.
ഓപ്പറേഷന് മത്സ്യയുടെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം രാത്രി 11 ഓടെ ആര്യങ്കാവ് അതിര്‍ത്തിയില്‍ ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന ആരംഭിച്ചത്.
പരിശോധന ആരംഭിച്ചു മണിക്കൂറുകള്‍ക്കകം മൂന്നു ലോറികളിലായി കേരളത്തിലേക്ക് എത്തിക്കാനായി കൊണ്ടുവന്ന ചൂര മീന്‍ പിടികൂടുകയായിരുന്നു.
പഴകിയതും ദുര്‍ഗന്ധം വമിച്ചു തുടങ്ങിയതുമായ മീന്‍ ഐസ് നിറച്ച പെട്ടികളിലായി കൊണ്ടുവരികയായിരുന്നു.
തമിഴ്നാട്ടിലെ കടലൂര്‍, നാഗപ്പട്ടണം എന്നിവിടങ്ങളില്‍ നിന്നും അടൂര്‍, ആലങ്കോട്, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ ഏജന്റുമാര്‍ക്ക് എത്തിക്കാനായി കൊണ്ടുവന്ന മീനാണ് അധികൃതര്‍ പിടികൂടിയത്.
പിടികൂടിയ മീന്‍ പിന്നീട് പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ സ്വകാര്യ എസ്റ്റേറ്റില്‍ കുഴിച്ചുമൂടി.
കേരളത്തില്‍ ട്രോളിംഗ് നിരോധനമായതിനാല്‍ വന്‍ വിലയ്ക്ക് കേരളത്തില്‍ വില്പന നടത്താന്‍ ആഴ്ചകള്‍ക്ക് മുമ്പ് തന്നെ പിടിച്ച മീന്‍ തമിഴ്നാട്ടില്‍ നിന്നും എത്തിക്കുകയായിരുന്നുവെന്നാണ് അധികൃതരുടെ കണ്ടെത്തല്‍.
പിടികൂടിയ മീന്‍, ഇത് സൂക്ഷിക്കാന്‍ ഉപയോഗിച്ച ഐസ് എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ചു രാസപരിശോധനക്കായി അയച്ചിട്ടുണ്ട്.
ഇതിന്റെ ഫലം വരുന്നതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകും.
ഭക്ഷ്യ സുരക്ഷ ഓഫീസര്‍മാരായ സുജിത്ത് പെരേര, ഡോ. ലക്ഷ്മി വി നായര്‍, നിഷാ റാണി, ഫിഷറീസ് ഓഫീസര്‍ ഷാന്‍, ഓഫീസ് അറ്റന്‍ഡര്‍ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് അധികൃതരുടെ തീരുമാനം.