രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: സിനിമ, സമൂഹ മാധ്യമങ്ങൾ, ഒടിടി പ്ലാറ്റ്ഫോമുകൾ തുടങ്ങിയവയിൽ മൂന്നു മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ ഉപയോഗിച്ചു ചിത്രീകരണം നടത്തരുതെന്നു ദേശീയ ബാലാവകാശ കമ്മീഷൻ.
സിനിമാ മേഖലയിൽ ഉൾപ്പെടെ കുട്ടികളെ അഭിനയിപ്പിക്കുന്നതിൽ ദേശീയ ബാലാവകാശ കമ്മീഷൻ പുറത്തിറക്കിയ കരട് മാർഗരേഖയിലാണ് കർശന നിർദേശങ്ങളുള്ളത്.
പ്രതിരോധ കുത്തിവയ്പ്, മൂലയൂട്ടൽ തുടങ്ങിയ വിഷയങ്ങളിലുള്ള ബോധവത്കരണ പരിപാടികളുമായി ബന്ധപ്പെട്ട ചിത്രീകരണങ്ങളിലൊഴികെ മൂന്നു മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ ഉപയോഗിക്കാൻ പാടില്ല.
മൂന്നു മാസത്തിനു മുകളിൽ പ്രായമുള്ള കുട്ടികളെ കളിയാക്കുകയോ അവർക്കു ബുദ്ധിമുട്ടുണ്ടാക്കുകയോ മോശമായി ചിത്രീകരിക്കുകയോ ചെയ്യരുതെന്നും നിർദേശമുണ്ട്.
കമ്മീഷന്റെ മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരേ മൂന്നു വർഷത്തെ ജയിൽവാസം ഉൾപ്പെടെയുള്ള കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കും.
ചിത്രീകരണത്തിന്റെ ആവശ്യത്തിനായി സ്കൂളുകളിൽനിന്നു കുട്ടികളെ മാറ്റിനിർത്തുന്നതിനു നിർമാതാക്കൾ ജില്ലാ മജിസ്ട്രേറ്റിന്റെ അനുവാദം വാങ്ങണം.
കുട്ടികൾക്കു പാഠഭാഗങ്ങൾ നഷ്ടമാകാതിരിക്കുന്നതിന് ഷൂട്ടിംഗ് സെറ്റുകളിൽ ട്യൂഷൻ സംവിധാനം ഏർപ്പെടുത്തണം.
ചിത്രീകരണത്തിൽ കുട്ടികളെ ഉൾപ്പെടുത്തുന്നതിനുള്ള നിർമാതാക്കളുടെ അപേക്ഷ ലഭിച്ചാൽ ജില്ലാ മജിസ്ട്രേറ്റുമാർ ഷൂട്ടിംഗ് സെറ്റുകൾ പരിശോധിച്ചു കുട്ടികൾക്കുള്ള സുരക്ഷയും സൗകര്യങ്ങളും ഉറപ്പുവരുത്തണം.
പരിശോധനയ്ക്കു ശേഷം ജില്ലാ മജിസ്ട്രേറ്റുമാർ ആറു മാസത്തേക്കാണ് പെർമിറ്റ് നൽകുക. കുട്ടികളുടെ മാനസികാരോഗ്യത്തെ തകരാറിലാക്കുന്ന തരത്തിലുള്ള ആക്ഷേപങ്ങൾ, പ്രസ്താവനകൾ, കുറ്റപ്പെടുത്തലുകൾ തുടങ്ങിയവ ഷൂട്ടിംഗ് സെറ്റുകളിൽ ഉണ്ടാകരുത്.
മദ്യം കഴിക്കുന്നതിനും പുകവലിക്കുന്നതിനും ശരീരം പ്രദർശിപ്പിക്കുന്നതിനും ആവശ്യപ്പെടുന്ന തരത്തിലുള്ള വേഷങ്ങൾ കുട്ടികളെ ഉപയോഗിച്ചു ചെയ്യിക്കുന്നില്ലെന്നും നിർമാതാക്കൾ ഉറപ്പു വരുത്തണം.
മാർഗനിർദേശങ്ങൾ
• കരാർ അടിസ്ഥാനത്തിൽ നിർമാതാക്കൾ കുട്ടികളെ ജോലി ചെയ്യിപ്പിക്കരുത്
• കുട്ടികളെവച്ചുള്ള ചിത്രീകരണം പരമാവധി 27 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണം
• ആറു മണിക്കൂറിൽ കൂടുതൽ കുട്ടികളെ തുടർച്ചയായി അഭിനയിപ്പിക്കാൻ പാടില്ല
• മൂന്നു മണിക്കൂർ കൂടുന്പോൾ കുട്ടികൾക്കു വിശ്രമത്തിന് ഇടവേള നൽകണം
• കുട്ടികളെ ഉപയോഗിച്ചു രാത്രി വൈകിയുള്ള ഷൂട്ടിംഗുകൾ പാടില്ല
• കുട്ടികൾക്ക് ഷൂട്ടിംഗ് സെറ്റിൽ പ്രത്യേക വിശ്രമമുറികളും ഡ്രസിംഗ് മുറികളും നൽകണം.
• കുട്ടികളുമായി സന്പർക്കത്തിൽ വരുന്ന ജോലിക്കാർക്കു സാംക്രമിക രോഗങ്ങളില്ലെന്ന് പോലീസ് പരിശോധിച്ച് ഉറപ്പുവരുത്തണം.
• കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന മേക്കപ്പുകൾ, ലൈറ്റിംഗ് സംവിധാനങ്ങൾ എന്നിവ ഉപയോഗിക്കാൻ പാടില്ല.