ആര്യ വിനു
പോക്രോം… പോക്രോം…. ക്രോം….തവളകൾ കരയുകയാണോ അതോ മഴയെത്തുന്പോൾ എല്ലാം മറന്ന് പാട്ടുപാടുകയാണോ…എന്തു തന്നെയായാലും ഈ ഭൂമിയിൽ നിന്നും പലതും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതു പോലെ തവളകളും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
ഇപ്പോൾ മഴക്കാലത്ത് പണ്ടത്തെ പോലെ തവളകളുടെ കരച്ചിൽ കേൾക്കാറുണ്ടോ…ഒന്നു ശ്രദ്ധിച്ചു നോക്കൂ…രാത്രികളിൽ പാടവരന്പിലും മറ്റും കേട്ടിരുന്ന ആ മാക്രി സംഗീതം ഇപ്പോൾ നന്നേ കുറഞ്ഞിരിക്കുന്നു.
തവളകളുടെ സെൻസസൊന്നും എവിടെയും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ശാസ്ത്രലോകവും തവളകളെക്കുറിച്ച് പഠിക്കുന്നവരും അവയുടെ എണ്ണം കുറഞ്ഞുവരുന്നുവെന്നു തന്നെയാണ് പറയുന്നത്. അതിൽ അവർ ആശങ്കാകുലരുമാണ്.
തവളകൾ കുറഞ്ഞാൽ എന്താണ് പ്രശ്നമെന്ന ചോദ്യമാണ് സാധാരണക്കാർ ചോദിക്കുന്നത്. സാധാരണക്കാരുടെ ജീവിതത്തിൽ തവളകൾ കൂടിയാലും കുറഞ്ഞാലും എന്തു സംഭവിക്കുമെന്നാണ് അവർ ചോദിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണക്കിയ തവളകളെ ഒൗഷധ നിർമ്മാണത്തിനുപയോഗിക്കാറുണ്ടെന്നറിയുക.
ജന്തുശരീരത്തിന്റെ ഘടനയും പ്രവർത്തനക്രമവും മനസിലാക്കാനുള്ള പഠനങ്ങൾക്ക് തവളകളെ ഉപയോഗപ്പെടുത്തുന്നത് മനുഷ്യകുലത്തിനു കൂടി ഗുണപ്രദമായ കണ്ടുപിടുത്തങ്ങൾക്ക് സഹായകമാണ്.
ഭ്രൂണവികാസ ഗവേഷണങ്ങൾക്ക് തവളയുടെ മുട്ടകൾ ഉപയോഗിച്ചുവരുന്നു. വാൽമാക്രികളെ പുനരുത്ഭവ പ്രതിഭാസ പഠനങ്ങൾക്കും പ്രയോജനപ്പെടുത്തുന്നു.
നിരവധി കീടങ്ങളേയും പ്രാണികളേയും തവളകൾ വൻതോതിൽ തിന്നു നശിപ്പിക്കുന്നതിനാൽ ഇവ കർഷകരടക്കമുള്ളവർക്ക് ഉപകാരിയാണ്.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് തവളകളുടെ വംശം കുറ്റിയറ്റു പോകാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ശാസ്ത്രജ്ഞരും വിദഗ്ധരുമെല്ലാം ആവശ്യപ്പെടുന്നത്.
എന്തു കൊണ്ട് തവളകൾ ഇല്ലാതാകുന്നു…
ഭക്ഷണത്തിനും ഗവേഷണാവശ്യങ്ങൾക്കുമായി തവളകളെ കൊന്നൊടുക്കുന്നതും പാന്പുകൾ തവളകളെ ആഹാരമാക്കുന്നതുമെല്ലാം വൻതോതിൽ തവളകളുടെ വംശനാശത്തിനു കാരണമാകുന്നു.
കൂടാതെ ആഗോളതാപനവും, യു വി വികരണങ്ങളും, ജനിതക രോഗങ്ങളുമെല്ലാം അവ അപ്രത്യക്ഷ്യമാകുന്നതിന് ആക്കം കൂട്ടുന്നു.
ഒരുകാലത്ത് തവളയിറച്ചിക്ക് ആവശ്യക്കാർ ഏറെയായിരുന്നു. തവളയെ ഭക്ഷമായും മരുന്നായും ഉപയോഗിച്ചിരുന്ന അക്കാലത്ത് തവളകളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചിരുന്നു. പിന്നീട് സർക്കാർ ഇടപ്പെട്ട് ആ ചൂഷണം നിർത്തലാക്കുകയായിരുന്നു.
ഇതിനെല്ലാമുപരി പ്രകൃതിക്കുമേലുളള മനുഷ്യന്റെ അനാവശ്യ കടന്നുകയറ്റം തവളകളുടെ ആവാസ വ്യവസ്ഥയേയും അവയുടെ നിലനിൽപിനെ തന്നെയും ഇല്ലാതാക്കുകയാണ്.
വായുജല മലിനീകരണവും രാസവളങ്ങളുടെ അമിതോപയോഗവും തണ്ണീർത്തടങ്ങളും പുഴകളും നികത്തി കെട്ടിടസമുച്ചയങ്ങൾ പണിതുയർത്തുന്നതുമെല്ലാം തവളകൾ ഈ ഭൂമുഖത്തു നിന്നും തുടച്ചു നീക്കപ്പെടുന്നതിന്റെ പല കാരണങ്ങളിൽ ചിലതു മാത്രം..
തവളകളില്ലാതാകുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്നവരും പഠിക്കുന്നവരും അവയുടെ നിലനിൽപിനായി മാർഗങ്ങൾ അന്വേഷിക്കുന്നവരും ഉണ്ടെന്നുള്ളത് ആശ്വാസം പകരുന്നു. അവരിൽ ചിലർ പറയുന്നു….
ജലാശയങ്ങൾ ഇല്ലാതാകുന്നു, തവളകളും : വീരേന്ദ്രകുമാർ (ജീവശാസ്ത്ര അധ്യാപകൻ)
ഇന്ന് തണ്ണീർ തടങ്ങളും കുളങ്ങളും പുഴകളുമെല്ലാം ഇല്ലാതായിക്കൊണ്ടിരിക്കുന്നത് തവളകളിലെ പ്രജനനത്തെ ഒരു പരിധിവരെ ഇല്ലാതാക്കി.
പ്രകൃതിയിലെ മാറ്റങ്ങൾ വേഗത്തിൽ മനസിലാക്കാൻ സാധിക്കുന്ന ഇവയെ സംരക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
തവളകളിലെ പ്രധാന വർഗമായ പച്ചതവളകളാണ് ഇന്ന് ശുദ്ധമായ ജലാശയങ്ങളില്ലാത്തതിനാൽ കൂടുതൽ നിലനിൽപ്പു ഭീഷണി നേരിടുന്നത്.
കരച്ചിലല്ല… ഇണയെത്തേടലാണ് ആ.. ആ പോക്രോം…
മിക്ക തവള വർഗങ്ങളിലെയും ആണ്തവളകൾ പ്രജനനത്തിനായി തെരഞ്ഞെടുത്ത ജലാശയത്തിലേക്ക് പെണ്തവളകളെ വിളിക്കാൻ പ്രത്യേക ശബ്ദമാണ് ഉപയോഗിക്കുന്നത്. ഇതാണ് ഇണത്തേടൽ വിളി അഥവാ പോക്രോം വിളി.
നാട്ടുമാക്കാച്ചി എന്നറിയപ്പെടുന്ന ഇന്ത്യൻ ബുൾ ഫ്രോഗ്സ് ആണ് പാടങ്ങളിൽ കൂടുതലായി കാണുന്നത്.
ഇരുണ്ടതും തവിട്ടുകലർന്നതുമായ പച്ചനിറത്തിലുളള ഇവ കേരളത്തിൽ കാണുന്ന ഏറ്റവും വലിയ തവളകളിൽ ഒന്നാണ്.
മഴക്കാലത്ത് കൂട്ടാമായി പാടത്തും മറ്റും എത്തുന്ന നാട്ടുമാക്കാച്ചികളുടെ ശരീരത്തിൽ കറുത്ത വരകളും പുള്ളികുത്തും കാണാം. ഇവയുടെ ശബ്ദമാണ് നാം പാടങ്ങളിൽനിന്ന് കൂടുതലായും കേൾക്കാറുളളത്.
സാധാരണയായി തീരപ്രദേശത്തെ പാടങ്ങളിൽ കാണപ്പെടുന്ന വലിയ പച്ച തവളകളാണ് യൂഫ്ളിക്റ്റിക്സ് കരവാലി.
പൊൻമാൻകരയുന്ന ശബ്ദം പുറപ്പെടുവിക്കുന്ന അവയെ പൊൻമാൻ തവളയെന്നാണ് വിളിക്കുന്നത്.
രാസവളപ്രയോഗം തവളകളിൽ വന്ധ്യതയുണ്ടാക്കുന്നു: ഡോ. ശ്യാം
വേണുഗോപാൽ (വെറ്റിനറി സർജൻ)
പാടത്തും തൊടിയിലും അമിതതോതിൽ രാസവളം ഉപയോഗിക്കുന്നത് തവളകളിലെ വന്ധ്യതയ്ക്ക് കാരണമാകുന്നുണ്ട്. വംശനാശത്തിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നിതാണ്.
മലിനീകരണമാണ് തവളയുൾപ്പെടെയുളള ഉഭയജീവികളുടെ വംശനാശത്തിന് പ്രധാനകാരണം. അവയുടെ ആവാസവ്യവസ്ഥയിലേക്ക് മനുഷ്യൻ അതിക്രമിച്ചു കയറുകയാണ്.
തണ്ണീർത്തടങ്ങളും, പുഴകളും തോടുകളും ഇന്ന് മലിനമായി കൊണ്ടിരിക്കുകയാണ്. ഗ്രാമങ്ങളിൽപോലും പച്ചപ്പും മരങ്ങളും ശുദ്ധമായ ജലവുമില്ല.
ഇതെല്ലാം തന്നെ തവളകളുടെ പ്രജനനത്തെ പ്രതികൂലമായ് ബാധിച്ചു. ഈർപ്പാന്തരീക്ഷവും ശുദ്ധജലവുമെല്ലാം പ്രജനനകാലത്ത് തന്നെ നിഷേധിക്കുന്നത് അവയുടെ വംശത്തിന് ഭീഷണി സൃഷ്ടിക്കുന്നു.
പണ്ട് തവളക്കാൽ കയറ്റി അയച്ചിരുന്നപ്പോൾ പോലും തവളകളുടെ എണ്ണത്തിൽ ഇത്രയധികം കുറവ് സംഭവിച്ചിരുന്നില്ല.
വീടുകളിലെ സ്ഥിരം സന്ദർശകരായിരുന്ന പറത്തവളയും മരത്തവളയും പോലും ഇന്ന് അപ്രത്യക്ഷ്യമാണ്.
തവളകളെ സംരക്ഷിക്കേണ്ടത് മനുഷ്യ വർഗത്തിന്റെ ഉത്തരവാദിത്വമാണെന്നതിൽ സംശയമില്ല.
പരിഗണന വലിയ സസ്തനികൾക്ക് മാത്രം !
കാണാൻ ഭംഗിയില്ലാത്ത തൊട്ടാൽ അറക്കുന്ന ജീവികൾ എന്നാണ് തവളകളെ പറ്റിയുളള നമ്മുടെ പൊതുധാരണ.
എന്നാൽ തവളകൾ ഏറ്റവും മികച്ച പാരിസഥിതിക സൂചകമാണ്. പ്രകൃതിയിൽ നടക്കുന്ന സൂഷ്മമായ മാറ്റങ്ങൾ പോലും മുൻകൂട്ടി കാണിച്ചുതരാൻ സഹായിക്കുന്ന ജീവിവർഗമാണിവർ.
തവളകളിൽ കൂടുതൽ പഠനം നടക്കാത്തതിനാൽ വംശനാശം നേരിട്ട ഉപവർഗത്തിന്റെ എണ്ണം അറിയില്ല. കണ്ടെത്തുന്നതിന് മുന്പേ തന്നെ അപ്രത്യക്ഷമായ തവളകളുണ്ടെന്നാണ് ശാസ്ത്രലോകം പോലും വിശ്വസിക്കുന്നത്.
കാലാവസ്ഥ വ്യതിയാനം, ഉയർന്ന താപനില, തണ്ണീർത്തടങ്ങളില്ലാതാകൽ, ജലത്തിലെ രാസമാലിന്യം, വാൽമാക്രിയെ ഭക്ഷിക്കുന്ന ആഫ്രിക്കൻ മുഷി പോലുള്ള മീനുകൾ ഇവയെല്ലാം തവളകൾക്ക് ഭീഷണിയാണ്.
തവളകളിലെ ജനസംഖ്യ അടിസ്ഥാനമാക്കി വളരെ കുറച്ച് പഠനങ്ങൾ മാത്രമേ നടത്തിയിട്ടുളളൂ. ഓരോ തവളകളും ശരീരഘടനക്കൊണ്ടും പ്രജനനരീതിക്കൊണ്ടും വ്യത്യസ്തരാണ്.
ഓരോ വിഭാഗത്തിന്റെയും ആഹാരശൈലിയും ആവാസവ്യവസ്ഥയും വിഭിന്നമായതിനാൽ അവയെ ഒന്നിച്ച് ഒരു കുടകീഴിൽ നിർത്തി പഠനങ്ങൾ നടത്തുകയെന്നത് പ്രായോഗികമല്ല എന്നതാണ് ഇതിനു കാരണം.
വെള്ളച്ചാട്ടമില്ലാതായാൽ തവളകൾ ഇല്ലാതാകും: സന്ദീപ് ദാസ് (റിസർച്ച് സ്കോളർ, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ)
തവളകളുടെ മുട്ടകൾക്ക് ആവരണമില്ല. അതുകൊണ്ട് തന്നെ ഈർപ്പമുള്ള പ്രദേശങ്ങളാണ് അവ മുട്ടയിടാനായി തെരഞ്ഞെടുക്കുന്നത്.
അല്ലാത്തപക്ഷം മുട്ടകൾ പൊട്ടിപോവുകയോ വറ്റി വരണ്ടുപോവുകയോ ചെയ്യും.
ഇവ ശീതരക്ത ജീവികളായതിനാൽ അന്തരീക്ഷത്തിലെ മാറ്റങ്ങൾക്ക് അനുസൃതമായി ശരീരതാപനില നിയന്ത്രിക്കാൻ സാധിക്കില്ല.
അതിനാൽ അന്തരീക്ഷത്തിലെ ചെറിയ ചില മാറ്റങ്ങൾ പ്രത്യേകിച്ച് താപനിലയിലെ വർധനവ് പോലും അവയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നു.
ഞാൻ ഗവേഷണം നടത്തുന്നത് പാതാള തവളകളിലാണ്. ഇവ വംശനാശം നേരിടുന്നവയാണ്. വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഇവർ മാളങ്ങളിൽ നിന്ന് പുറത്തു വരാറുള്ളത്.
കൂടുതലും മഴക്കാലത്ത് പുറത്തുവരാറുളള ഇവരുടെ മുട്ടകൾ ഏഴ് ദിവസത്തിനു ശേഷമാണ് വാൽമാക്രികളായി മാറുന്നത്.
വെള്ള ചാട്ടങ്ങളിലാണ് ഇവ മുട്ടയിടാറുള്ളത,് അതിനാൽ കടുത്ത വരൾച്ചയും കൃത്യമായ് മഴലഭിക്കാത്ത സാഹചര്യവുമെല്ലാം ഈ വിഭാഗത്തിന്റെ വംശനാശത്തിന് കാരണമാകുന്നു.
മഴ കൃത്യമായി കിട്ടാത്തതിനാൽ വെള്ളച്ചാട്ടങ്ങൾ വരെ ഇല്ലാതാകുന്ന സ്ഥിതിയാണ്. തൻമൂലം ഇവയുടെ മുട്ടകളെല്ലാം നശിക്കുന്നു.
വർഷത്തിൽ ഒരിക്കൽ മാത്രം പ്രജനനം നടത്തുന്ന ഇവയുടെ വംശവർധനവ് ഇതുമൂലം ഇല്ലാതാകുന്നു.