മങ്കൊമ്പ്: വീടുനിർമാണത്തിന് ആവശ്യപ്പെട്ട പിരിവു നൽകാൻ വിസമ്മതിച്ച യുവാവിനെ സിപിഎം പ്രവർത്തകർ വീടുകയറി ആക്രമിച്ചതായി പരാതി.
ചമ്പക്കുളം പഞ്ചായത്ത് മങ്കൊമ്പ് തെക്കേക്കര പനത്തറ വീട്ടിൽ തോമസുകുട്ടി ആന്റണി (31) യാണ് ആക്രമണത്തിനിരയായെന്നു കാട്ടി പുളിങ്കുന്നു പോലീസിൽ പരാതി നൽകിയത്.
ചമ്പക്കുളത്തു സിപിഎം നിർമിച്ചു നൽകുന്ന വീടിനായാണ് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി അരുൺകുമാർ സഹപാഠിയായിരുന്ന യുവാവിനോടു ഫോണിൽ വിളിച്ചു പതിനായിരം രൂപ ആവശ്യപ്പെട്ടത്.
എന്നാൽ, ഇതു നൽകാതിരിക്കുകയും ഫോൺ എടുക്കാതിരിക്കുകയും ചെയ്തതോടെ മറ്റൊരാളുടെ ഫോണിൽ വിളിച്ചു അയ്യായിരം രൂപ ആവശ്യപ്പെട്ടു.
ഇത്രയും തുക നൽകാനാവില്ലെന്നു പറഞ്ഞതോടെ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. പിന്നീട് വ്യാഴാഴ്ച രാത്രി എട്ടോടെ നേതാവിന്റെ നേതൃത്വത്തിൽ 17 പേരുടെ സംഘം വീട്ടിലെത്തി.
തുടർന്ന് യുവാവിന്റെ കഴുത്തിനു കുത്തിപ്പിടിക്കുകയും അസഭ്യം പറയുകയുമായിരുന്നെന്നാണു പരാതി. യുവാവിന്റെ പരാതിയെത്തുടർന്ന് നാലുപേർക്കെതിരേ കേസെടുത്തതായി പുളിങ്കുന്ന് സിഐ പറഞ്ഞു.