തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തില്‍ മുങ്ങിയ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തര വേളയും അടിയന്തര പ്രമേയവും ഒഴിവാക്കിയ സ്പീക്കര്‍ നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു.
ശൂന്യവേള ആരംഭിച്ചപ്പോഴും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. അടിയന്തരപ്രമേയം ഒഴിവാക്കി. സ്പീക്കറുടെ ഡയസിനുമുന്നില്‍ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായെത്തി. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നു.
രാവിലെ നിയമസഭാ സമ്മേളനം തുടങ്ങിയപ്പോള്‍ മുതല്‍ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയിരുന്നു. സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു.
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് അടിച്ചു തകര്‍ത്തതാണ് പ്രതിപക്ഷം കൂടുതലായും ചൂണ്ടിക്കാട്ടിയത്. പ്രതിഷേധ സൂചകമായി കറുത്ത ഷര്‍ട്ടും മാസ്കും ധരിച്ചാണ് യുവ പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയിലെത്തിയത്.
അതിനിടെ, നിയമസഭയില്‍ മാധ്യമങ്ങളെ വിലക്കിയ സംഭവത്തില്‍ വിശദീകരണവുമായി സ്പീക്കര്‍ രംഗത്തെത്തി. മാധ്യമവിലക്ക് വാച്ച് ആന്‍ഡ് വാര്‍ഡിന് പറ്റിയ പിശകാണെന്ന് സ്പീക്കര്‍ പ്രതികരിച്ചു.
നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏർപ്പെടുത്തിയത്. മീഡിയാ റൂമില്‍ മാത്രമാണ് മാധ്യമങ്ങൾക്ക് പ്രവേശനം നൽകിയത്.
മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെ റൂമുകളിലും മാധ്യമങ്ങളെ വിലക്കി. പ്രതിപക്ഷ പ്രതിഷേധം സഭാ ടിവിയില്‍ നല്‍കിയില്ല. ഭരണപക്ഷത്തിന്റെ ദൃശ്യങ്ങള്‍ മാത്രമാണ് പിആര്‍ഡി നല്‍കിയത്.
ചാനലുകൾക്ക് സ്വന്തം നിലയിൽ പ്രസ് ഗ്യാലറിയിൽ നിന്ന് ദൃശ്യങ്ങളെടുക്കാനുള്ള അനുമതിയും നിഷേധിച്ചു. പിആർഡി ഔട്ട് മാത്രം നൽകി. എന്നാൽ സഭയ്ക്കുള്ളിലെ പ്രതിപക്ഷ പ്രതിഷേധ ദൃശ്യങ്ങൾ പിആർഡി നൽകിയില്ല. ഭരണപക്ഷത്തെ ദൃശ്യങ്ങൾ മാത്രമാണ് പിആർഡി നൽകിയത്.