സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓർത്തോ ഡോക്ടർമാരുടെ കുറവുമൂലം രോഗികൾ വേദനകൊണ്ടു വലഞ്ഞു.
കൈകാലുകൾക്ക് മുറിവും ഒടിവും ചതവുമൊക്കെ പറ്റി ഓർത്തോ വിഭാഗത്തിലെ ഡോക്ടർമാരെ കാണാനെത്തിയപ്പോഴാണ് ആകെ രണ്ടേരണ്ടു ഡോക്ടർമാരേ ആശുപത്രിയിലുള്ളു എന്നു മനസിലായത്.
ഓർത്തോ വിഭാഗത്തിലുള്ള ഏഴുമുറികളിൽ ഇന്നലെ രണ്ടു മുറികളിൽ മാത്രമാണ് ഡോക്ടർമാരുണ്ടായിരുന്നത്. നൈറ്റ ്ഡ്യൂട്ടി കഴിഞ്ഞ് ഒരു ഡോക്ടർ പോയതും ഒരാൾക്ക് കാഷ്വാൽറ്റി ഡ്യൂട്ടിയായതും ഡോക്ടർമാരുടെ എണ്ണം കുറയാൻ കാരണമായി.
യൂണിറ്റ് ചീഫും മറ്റൊരു ഡോക്ടറും മാത്രമാണ് രോഗികളെ നോക്കാനുണ്ടായിരുന്നത്. പിജി വിദ്യാർഥികളെ പ്ലാസ്റ്റർ വെട്ടുന്നതിനും കെട്ടുന്നതിനും വേണ്ടി നിയോഗിച്ചതിനാൽ അത്രയും തിരക്ക് കുറയ്ക്കാനായി.
തിങ്കളാഴ്ചയായതിനാൽ ധാരാളം രോഗികൾ ഓർത്തോ വിഭാഗത്തിലെത്തിയിരുന്നു. വാർഡിൽ കിടക്കുന്നവരെ നോക്കേണ്ട ചുമതലയും രണ്ടു ഡോക്ടർമാർക്കായതിനാൽ ഇവർക്ക് വിശ്രമിക്കാൻ പോലും സമയമില്ലാത്ത അവസ്ഥയായിരുന്നു.