കാക്കനാട്: വനിത കമ്മീഷന് അദാലത്ത് കാക്കനാടുള്ള ജില്ല പഞ്ചായത്ത് ഹാളില്‍ തുടങ്ങി. അമ്മമാരെ സംരക്ഷിക്കാത്ത മക്കള്‍ക്ക് എതിരെയുള്ള പരാതികളാണ് വനിതാകമ്മീഷന് മുമ്പില്‍ ഏറ്റവും കൂടുതല്‍ എത്തിയതെന്ന് അധികൃതർ പറഞ്ഞു.
വയോജന സംരക്ഷണ നിയമം നിലവിലുണ്ടെങ്കിലും വനിതാ കമ്മീഷനെ സമീപിക്കേണ്ട സ്ഥിതിയാണ് പ്രായമായ സ്ത്രീകള്‍ക്ക്.
കമ്മീഷനു മുന്നില്‍ ഹാജരാകാന്‍ കഴിയാത്ത കിടപ്പുരോഗികളാണ് ഇവരില്‍ പലരും. വാര്‍ഡ് തലത്തില്‍ തന്നെ പരാതികള്‍ക്കു പരിഹാരം കാണാനും നിയമസഹായം ഉറപ്പാക്കാനും ജാഗ്രതാസമിതികള്‍ക്കു സാധിക്കണമെന്നും വനിത കമ്മീഷന് അധ്യക്ഷ പറഞ്ഞു.
അദാലത്തില്‍ പരിഗണിച്ച 107 പരാതികളിൽ 46 ഉം തീര്‍പ്പാക്കി. എട്ടു പരാതികള്‍ കൂടുതല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു പോലീസിനു കൈമാറി.
53 അപേക്ഷകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. അദാലത്ത് ഇന്നും തുടരും.കമ്മീഷന് അംഗം അഡ്വ. ഷിജി ശിവജി, ഡയറക്ടര്‍ ഷാജി സുഗുണന് , അഡ്വ. എ.ഇ അലിയാർ, അഡ്വ. യമുന, അഡ്വ. സ്മിത ഗോപി, അഡ്വ. ഖദീജ റിഷബത്ത്, കൗണ്‍സിലര്‍ വി.കെ സന്ധ്യ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.