കുറവിലങ്ങാട്: കാളിയാർതോട്ടത്തു നിന്നു നിരോധിത പുകയില ഉത്പന്നങ്ങൾ പോയത് അന്യ ജില്ലകളിലേക്ക്. ലക്ഷങ്ങളുടെ ഇടപാടുകളാണ് ഓരോ ദിവസവും ഇവിടെ നടന്നിരുന്നത്.
ചെറുതും വലുതുമായ വാഹനങ്ങളിൽ ദിവസവും ഇവിടെ നിന്നും ലോഡുകണക്കിനു സാധനങ്ങൾ കയറിപ്പോകുന്നുണ്ടായിരുന്നു.
പായ്ക്കിംഗിനും മറ്റുമായി അത്യാധുനിക ഉപകരണങ്ങളാണ് ഇവിടെയുണ്ടായിരുന്നത്.
കാളിയാർ തോട്ടത്തിലെ പശുഫാമിന്റെ മറവിൽ നിരോധിത പുകയിലെ ഉല്പന്നങ്ങളുടെ നിർമാണ കേന്ദ്രത്തിൽ ഇന്നലെയായിരുന്നു റെയ്ഡ്.
ജില്ലാ പോലീസ് ചീഫിനു ലഭിച്ച രഹസ്യസന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് നിരോധിത പുകയില ഉല്പന്നങ്ങളുടെ വൻ ശേഖരം കണ്ടെത്തിയത്.
ഒരുവർഷം മുൻപാണ് സ്വകാര്യ വ്യക്തിയിൽനിന്ന് സ്ഥലം വാടകയ്ക്കെടുത്ത് പശുഫാം നടത്താൻ ആരംഭിച്ചത്.
അതിരന്പുഴ പടിഞ്ഞാറ്റുംഭാഗം സ്വദേശികളായ ചുക്കനായിൽ ജഗൻ ജോസ് (30) കുമ്മനത്ത് ബിബിൻ വർഗീസ് (36) എന്നിവർ ചേർന്നാണ് ഫാം വാടകയ്ക്ക് എടുത്തിരുന്നതെന്ന് പറയുന്നു.
വിൽപനയ്ക്കു തയ്യാറാക്കി വച്ചിരുന്ന 2250 പായ്ക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളും 100 കിലോയോളം പായ്ക്ക് ചെയ്യാത്തവയും കണ്ടെടുത്ത ശേഖരത്തിൽ ഉൾപ്പെടുന്നു. ഇവ പായ്ക്ക് ചെയ്യുന്നതിനുള്ള യന്ത്രവും കണ്ടെടുത്തിട്ടുണ്ട്.
ആയിരക്കണക്കിന് പായ്ക്കിംഗ് കവറുകളും പിടികൂടിയിട്ടുണ്ട്. വൈക്കം ഡിവൈഎസ്പി കെ ജെ. തോമസ്, കുറവിലങ്ങാട് എസ്എച്ച്ഒ നിർമ്മൽ ബോസ്, എസ്ഐ മാരായ സദാശിവൻ, അനിൽകുമാർ, സുരേഷ് കുമാർ, തോമസ് ജോസഫ്, സിപിഒമാരായ ഷുക്കൂർ, രജിത്ത്, നർക്കോട്ടിക്ക് സെൽ അംഗങങ്ങളായ എസ്ഐ സജീവ് ചന്ദ്രൻ, എസ്സിപിഒമാരായ ശ്രീജിത് പി. നായർ, തോമസ് മാത്യു, അജയകുമാർ, എസ്. അരുണ്, വി.കെ അനീഷ്, ഷമീർ സമദ് എന്നിവർ റെയിഡിന് നേതൃത്വം നൽകി.
പിടികൂടിയ ഉല്പന്നങ്ങൾ കോടതിയിൽ ഹാജരാക്കും. കേന്ദ്രം നടത്തിയിരുന്നവർ ഒളിവിലാണ്. ഇവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.