കൊച്ചി: കുവൈറ്റ് മനുഷ്യക്കടത്ത് കേസിൽ രവിപുരത്തെ ഗോൾഡൻ വയ എന്ന സ്ഥാപനത്തിന്റെ മാനേജരായി പ്രവർത്തിച്ചിരുന്ന കൊല്ലം സ്വദേശിയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
അറസ്റ്റിലായ ഒന്നാം പ്രതി അജുമോനൊപ്പമാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. സ്ത്രീകളെ വിദേശത്തേക്ക് കയറ്റി അയച്ചതിൽ ഇയാൾക്കും പങ്കുണ്ടെന്നാണ് പോലീസ് നിഗമനം.
കുവൈറ്റിലെ വീട്ടു തടങ്കലിൽ നിന്ന് മടങ്ങിയെത്തിയ തൃക്കാക്കര സ്വദേശിനിയുടെ പരാതിയിലാണ് ഇയാൾക്കെതിരേ അന്വേഷണം നടക്കുന്നത്.
മജീദിന്റെ ഹവാല ഇടപാടുകളെക്കുറിച്ച് അന്വേഷണം
കേസിലെ മുഖ്യ ആസൂത്രകനും രണ്ടാം പ്രതിയുമായ കണ്ണൂർ തളിപ്പറന്പ് സ്വദേശി മജീദിന്റെ ഹവാല ഇടപാടുകളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഇയാൾക്ക് വൻതോതിൽ ബിനാമി നിക്ഷേപങ്ങളുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
സ്ത്രീകളെ വിദേശത്തേക്ക് കയറ്റി അയച്ച് അതുവഴി ലഭിച്ച പണം ഉപയോഗിച്ച് ഇയാൾ വൻതോതിൽ സ്വത്ത് സന്പാദിച്ചതായാണ് വിവരം.
ഇതേക്കുറിച്ച് കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തും. അതേസയമം മജീദ് കുവൈറ്റ് എംബസിയിൽ ഹാജരായതായാണ് സ്ഥിരീകരിക്കാത്ത വിവരം.
മനുഷ്യക്കടത്ത് കേസിന്റെ എഫ്ഐആർ അടക്കമുള്ള വിവരങ്ങൾ എറണാകുളം സൗത്ത് പോലീസ് എംബസിയെ അറിയിച്ചിരുന്നു.
എംബസി സ്വീകരിച്ച നടപടിയിൽ മജീദ് ജോലി ചെയ്തിരുന്ന കുവൈത്തിലെ ഏജൻസി അന്വേഷണത്തിന് ഉത്തരവിട്ടു.
ഇതേതുടർന്ന് ഏജന്റായ മജീദ് എംബസിയിൽ ഹാജരാകുകയായിരുന്നുവെന്നാണ് സൂചന.