ജയ്പുർ: മതനിന്ദാ പരാമർശം നടത്തിയ ബിജെപി നേതാവ് നൂപുർ ശർമയെ അനുകൂലിച്ച് പോസ്റ്റിട്ട തയ്യൽക്കാരനെ കടയിൽ കയറി രണ്ടുപേർ കഴുത്തറത്തു കൊന്നു.
കനയ്യലാൽ എന്നയാളാണ് ഇന്നലെ ഉച്ചയ്ക്കു കൊല്ലപ്പെട്ടത്. പ്രദേശത്തു വലിയ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വൻ പോലീസ് സംഘത്തെ വിന്യസിച്ചു. രാജസ്ഥാൻ മുഴുവൻ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഉദയ്പുർ ജില്ലയിലെ വിവിധ മേഖലകളിൽ കർഫ്യു പ്രഖ്യാപിച്ചു. 24 മണിക്കൂർ ഇന്റർനെറ്റ് വിച്ഛേദിച്ചു. പ്രതികളായ റിയാസ് അഖ്താരി, ഗോസ് മുഹമ്മദ് എന്നിവരെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തു.
അക്രമികളിലൊരാളാണു കനയ്യലാലിന്റെ കഴുത്തറത്തത്. ഒരാൾ ഇതു ചിത്രീകരിച്ചു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇസ്ലാമിനെ അപകീർത്തിപ്പെടുത്തിയ ആളോട് പ്രതികാരം ചെയ്തുവെന്ന് അക്രമികൾ പറയുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും അക്രമികൾ ഭീഷണി മുഴക്കി.
ഉദയ്പുരിലെ ധൻമണ്ഡി മേഖലയിലെ കടയിലാണു നിഷ്ഠുര കൊലപാ തകമാണ് നടന്നത്. കടയിൽ പ്രവേശിച്ച റിയാസ് എന്നയാളുടെ വസ്ത്രത്തിന്റെ അളവെടുക്കവേ ഇയാൾ കത്തികൊണ്ട് കനയ്യലാലിനെ കഴുത്തറത്തു.
ഗോസ് മുഹമ്മദ് ദൃശ്യങ്ങൾ മൊബൈ ൽഫോണിൽ പകർത്തി.പട്ടാപ്പകൽ നടന്ന കൊലപാതകത്തിനുശേഷം പ്രതികൾ രക്ഷപ്പെട്ടു. ഇതിനുശേഷം പ്രതികൾ സമൂഹമാധ്യമത്തിൽ കൊലപാതകദൃശ്യങ്ങൾ പോസ്റ്റ് ചെയ്തു.
ഇതോടെയാണു പ്രദേശത്തു വ്യാപക സംഘർഷം ഉടലെടുത്തത്. സമൂഹമാധ്യമത്തിലെ പരാമർശത്തിന്റെ പേരിൽ മുന്പു കനയ്യലാലിനെ ലോക്കൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊലപാതകദൃശ്യങ്ങൾ കാണരുതെന്നും ഷെയർ ചെയ്യരുതെന്നും ജനങ്ങളോടു പോലീസ് നിർദേശിച്ചു. ഉദയ്പുരിലേക്ക് എൻഐഎ സംഘത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ചു.
കേസ് എൻഐഎ ഏറ്റെടുക്കുമെന്നാണു റിപ്പോർട്ട്. ഉദയ്പുർ സംഭവത്തെ ഭീകരാക്രമണമായാണു കേന്ദ്ര സർക്കാർ കാണുന്നത്.