കുമരകം: സ്വർഗത്തിലെ കനി എന്നറിയപ്പെടുന്ന ഗാഗ് ഫ്രൂട്ട് കുമരകത്തും വിളയിച്ചു കായികപ്രതിഭകളായ വൃദ്ധദന്പതികൾ വീണ്ടും താരങ്ങളായി.
കുമരകത്തെ ചെളി നിറഞ്ഞ മണ്ണിൽ ഔഷധഗുണങ്ങളേറെയുള്ള ഗാഗ് ഫ്രൂട്ട് നട്ടുവളർത്തി വിജയഗാഥ രചിച്ചത് വെറ്ററൻസ് കായിക മത്സരങ്ങളിൽ വിജയിച്ച് നിരവധി മെഡലുകൾ കരസ്ഥമാക്കിയ കുമരകം നാലാം വാർഡിൽ ആപ്പീത്ര അനിനിവാസിൽ ഐസക് (76)-അന്ന (75) ദന്പതികളാണ്.
ഒരു വർഷം മുന്പ് ഇവരുടെ മകൻ ഐമേഷിന്റെ സുഹൃത്ത് നൽകിയ വിത്തുകൾ പാകി മുളപ്പിച്ചപ്പോൾ ലഭിച്ചത് ഗാഗ് ചെടിയാണ്. പെണ്ചെടി നന്നായി വളർന്നെങ്കിലും കായ്ഫലമില്ലാതിരുന്നു.
വീണ്ടും വിത്തുകൾ മുളപ്പിച്ചപ്പോൾ ആണ്ചെടിയും വളർന്നു പൂവിടുകയും പരാഗണം നടന്നു ധാരാളം കായ്കളുണ്ടാകുകയും ചെയ്തു.
കേവലം നാലു സെന്റ് സ്ഥലത്താണു വീടും ഗാഗ് ഫ്രൂട്ട് കൃഷിയും. കടുത്ത ചുവപ്പുനിറമുള്ള ഗാഗ് ഫ്രൂട്ടിനു നേരിയ കയ്പുണ്ട്.
വിദേശങ്ങളിൽ മരുന്ന്, സൗന്ദര്യ വസ്തുക്കൾ, എണ്ണ തുടങ്ങിയവ ഉത്പാദിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഗാഗ് ഫ്രൂട്ടുകൾ ധാരാളം ലഭിക്കുന്നെങ്കിലും ഇതിന്റെ വിപണി കണ്ടെത്താൻ ഇവർക്കിനിയും കഴിഞ്ഞിട്ടില്ല.
കായിൽനിന്നു വിത്തും ചെടികളും ഉത്പാദിപ്പിച്ചു വിൽക്കാനാണ് ഇവരുടെ തീരുമാനം. ഇതിന്റെ ഇല കറിവയ്ക്കാൻ ഉത്തമമാണെന്ന് അന്ന പറയുന്നു.
ഡൽഹി, മുംബൈ, ഹൈദരാബാദ്, ഹരിയാന, ചെന്നൈ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് സ്വർണ, വെള്ളി മെഡലുകൾ വാരിക്കുട്ടിയ ഐസക്കും അന്നയും ഉടനാരംഭിക്കുന്ന നാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കാനുള്ള തയാറെടുപ്പിലാണ്.