കൊച്ചി: പുതുമുഖ നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടനും നിർമാതാവുമായ വിജയ്ബാബുവിന്റെ ചോദ്യം ചെയ്യൽ മൂന്നാം ദിവസവും തുടരുന്നു. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.
ഇന്ന് രാവിലെ ഒന്പതിനു തന്നെ വിജയ്ബാബു ചോദ്യം ചെയ്യലിനു ഹാജരായി. പ്രതിയുടെ ലൈംഗികശേഷി പരിശോധനയും വരും ദിവസങ്ങളിൽ നടക്കും.
കോടതി നിർദേശപ്രകാരം തിങ്കളാഴ്ച രാവിലെ സൗത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായ വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
രണ്ടു ദിവസങ്ങളിലായി ചോദ്യം ചെയ്യലിനു ശേഷം ഇയാളെ പനന്പിള്ളി നഗറിലെ ഫ്ളാറ്റിലും അതിജീവിതയെ പീഡിപ്പിച്ചുവെന്നു പറയുന്ന കടവന്ത്രയിലെയും കുണ്ടന്നൂരിലെയും ഹോട്ടലുകളിലും എത്തിച്ചു തെളിവ് നടത്തി.
തെളിവെടുപ്പ് ഇന്നും തുടരുമെന്നാണ് വിവരം. അതിനിടെ പരാതിയിൽനിന്നു പിൻമാറാൻ അതിജീവിതയ്ക്ക് വിജയ്ബാബു ഒരുകോടി രൂപ വാഗ്ദാനം ചെയ്തതായും ആരോപണമുണ്ടായിരുന്നു. ഇതിനെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.
കുറ്റം ചെയ്തെന്നു ബോധ്യമായെന്ന്…
ജൂലൈ മൂന്നുവരെ വിജയ്ബാബുവിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കോടതിയുടെ അനുമതിയുണ്ട്. ഈ ദിവസങ്ങളിൽ രാവിലെ ഒന്പതുമുതൽ വൈകുന്നേരം ആറുവരെ ചോദ്യം ചെയ്യലിനു ഹാജരാകണം.
അതേസമയം, ബലാത്സംഗക്കേസിൽ വിജയ്ബാബു കുറ്റം ചെയ്തതായി ബോധ്യപ്പെട്ടതായി കൊച്ചി ഡിസിപി വി.യു. കുര്യാക്കോസ് പറഞ്ഞു.
നടിയെ ബലാത്സംഗം ചെയ്തതിനും അതിജീവിതയുടെ പേരു വെളിപ്പെടുത്തിയതിനും രണ്ടുകേസുകളാണ് വിജയ്ബാബുവിനെതിരേയുള്ളത്. ഏപ്രിൽ 22നാണ് വിജയ്ബാബുവിനെതിരേ പരാതിയുമായി യുവതി പോലീസിനെ സമീപിച്ചത്.
ഇതിനു പിന്നാലെ യുവതിയുടെ പേരു വെളിപ്പെടുത്തുകയും രാജ്യം വിടുകയും ചെയ്ത വിജയ്ബാബു ഹൈക്കോടതി ഇടപെടലിനെ തുടർന്ന് നാട്ടിലെത്തി മുൻകൂർ ജാമ്യം നേടിയിരുന്നു.