കൊച്ചി: ട്രെയിനിൽ പതിനാറുകാരിക്കുനേരേ അതിക്രമം കാട്ടിയത് ചോദ്യംചെയ്ത ദളിത് കോണ്‍ഗ്രസ് നേതാവായ പിതാവിനെയും സഹയാത്രക്കാരനെയും മർദിച്ച സംഭവത്തിൽ പ്രതികൾ ഇപ്പോഴും ഒളിവിൽ തന്നെ.
എറണാകുളം സൗത്ത് റെയിൽവേ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ക്രിസ്പിൻ സാമിന്റെ നേതൃത്വത്തിൽ മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്.
പ്രതികളുടെ തൃശൂരിലെ വീടുകളിലും ബന്ധുവീടുകളിലുമെല്ലാം പോലീസ് പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇവർ സംസ്ഥാനം വിട്ടുപോകാൻ സാധ്യതയില്ലെന്നാണ് പോലീസ് നിഗമനം.
പ്രതികളുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ഇവർ അവസാനം ബന്ധപ്പെട്ട നന്പറുകളിലുള്ളവരുടെ സിഡിആർ ശേഖരിച്ച പോലീസ് ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.
പ്രതികൾ ജോലി ചെയ്യുന്ന എറണാകുളത്തെ സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം പരാതിപ്പെട്ടിട്ടും ഇടപെട്ടില്ലെന്ന ആക്ഷേപത്തെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാർഡിൽനിന്ന് സതേണ്‍ റെയിൽവേ വിശദീകരണം തേടിയിട്ടുണ്ട്.
ഇതരസംസ്ഥാനക്കാരനായ ഗാർഡ് സംഭവം അടിപിടിയായി തെറ്റിദ്ധരിക്കുകയായിരുന്നുവെന്നാണ് സൂചന. അന്വേഷണത്തിന്റെ ഭാഗമായി ഗാർഡിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.
പ്രതികളുടെ പേരു വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. എറണാകുളത്ത് ജോലി ചെയ്യുന്ന തൃശൂർ സ്വദേശികളായ ഇവർ സീസണ് ടിക്കറ്റുകാരാണെന്നു മാത്രമാണ് പോലീസ് നൽകുന്ന വിവരം.
ഇവർ അന്‍പതു വയസ് പിന്നിട്ടവരാണ്. പ്രതികളിലൊരാളുടെ സീസണ് ടിക്കറ്റ് പാസിന്റെ ചിത്രം പോലീസിന് ലഭിച്ചിട്ടുണ്ട്. പോക്സോ, ട്രെയിനിൽ അടിപിടി എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.
ശനിയാഴ്ച രാത്രി 7.50ന് എറണാകുളം ഗുരുവായൂർ സ്പെഷൽ ട്രെയിനിലായിരുന്നു കേസിനാസ്പദമായ സംഭവം. ട്രെയിൻ നോർത്ത് സ്റ്റേഷൻ പിന്നിട്ടതോടെ അഞ്ചംഗസംഘം പെണ്‍കുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും അശ്ലീലം പറയുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ പരാതിയിൽ തൃശൂർ റെയിൽവേ പോലീസ് രജിസ്റ്റർ ചെയ്ത കേസ് എറണാകുളം സൗത്ത് റെയിൽവേ പോലീസിന് കൈമാറുകയായിരുന്നു.
വിക്ടിം റൈറ്റ്സ് സെന്റർ വിവരങ്ങൾ തേടി
സംഭവത്തിൽ വിക്ടിം റൈറ്റ്സ് സെന്റർ വിവരങ്ങൾ തേടി. ഹൈക്കോടതിയുടെ നിർദേശപ്രകാരം കേരള ലീഗൽ സർവീസ് അഥോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സംവിധാനമാണ് വിക്ടിം റൈറ്റ്സ് സെന്റർ.
ഇത്തരം കേസുകളിലെ ഇരകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായാണ് സെന്റർ പ്രവർത്തിക്കുന്നത്. ഇതിന്റെ പ്രവർത്തകരായ അഡ്വ. പാർവതി സഞ്ജയ്, അഡ്വ. ഷിബി എന്നിവർ പെണ്‍കുട്ടിയെയും പിതാവിനെയും നേരിട്ടു കണ്ടു വിവരങ്ങൾ തേടും.
കേസിൽ സ്വീകരിച്ച നടപടികൾ റെയിൽവേ പോലീസിൽനിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടിക്ക് ആവശ്യമായ നിയമസഹായം ഉൾപ്പെടെ വിക്ടിം റൈറ്റ്സ് സെന്റർ വഴി ലഭ്യമാക്കുമെന്നും ഇവർ വ്യക്തമാക്കി.