കൊച്ചി: മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്നും ക്ലിഫ് ഹൗസിലെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടാന്‍ താന്‍ അവിടെ എത്തിയതു വ്യക്തമാകുമെന്നും സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്.
ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുടെയും ഷാര്‍ജ ഭരണാധികാരിയുടെയും രഹസ്യയോഗത്തിന് താൻ അവസരമൊരുക്കിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയായിരുന്നു ഈ കൂടിക്കാഴ്ച.
2016 മുതല്‍ 2020 വരെ യുഎഇ കോണ്‍സല്‍ ജനറലിനൊപ്പവും ഒറ്റയ്ക്കും രഹസ്യകൂടിക്കാഴ്ചകൾക്കായി പോയിട്ടുണ്ട്. രാത്രി ഏഴിനുശേഷവും പോയിരുന്നു.
മറ്റൊരു രാജ്യത്തിന്റെ പ്രതിനിധിയായ കോണ്‍സല്‍ ജനറൽ ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിയെ കാണുന്നത് പ്രോട്ടോക്കോളിനെതിരാണ്.
യാതൊരു സുരക്ഷാ പരിശോധനകളുമില്ലാതെയാണു താൻ ക്ലിഫ് ഹൗസില്‍ കടന്നിരുന്നത്. ഇതൊക്കെ പച്ചക്കള്ളമാണെന്നാണു മുഖ്യമന്ത്രി പറയുന്നതെങ്കില്‍ 2016 മുതല്‍ 2020 വരെയുള്ള സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവിടാനുള്ള ധൈര്യം കാണിക്കണമെന്നും അവര്‍ വെല്ലുവിളിച്ചു.
ബാഗ് മറന്നുവച്ചില്ലെന്നാണു മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ബാഗ് മറന്നുവെന്നും അതാര്‍ക്കോ കൊടുക്കാനുള്ള മെമന്റോ ആയിരുന്നുവെന്നും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറും പറയുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിലും മറ്റും മുഖ്യമന്ത്രിയെയൊക്കെ കണ്ടാല്‍ എല്ലാവരും തൊഴുകൈയോടെ മാത്രമേ നില്ക്കൂ. എന്നാല്‍ യുഎഇയില്‍ നയതന്ത്രസുരക്ഷ ആവശ്യമായിരുന്നു.
അതിനാലാണ് ബാഗ് കൊണ്ടുപോകുന്നതിന് യുഎഇ കോണ്‍സുല്‍ ജനറലിന്റെ നയതന്ത്ര സുരക്ഷ ഉപയോഗിച്ചതെന്നും മാധ്യമങ്ങളോടു സംസാരിക്കവേ സ്വപ്ന പറഞ്ഞു.
ഡി ലിറ്റ് ചടങ്ങില്‍ പങ്കെടുക്കാനാണ് ഷാര്‍ജ ഭരണാധികാരി എത്തിയത്. വിമാനത്താവളത്തില്‍നിന്നു ഹോട്ടലിലെത്തിയശേഷം രാജ്ഭവനിലെ ഡി ലിറ്റ് ചടങ്ങില്‍ പങ്കെടുക്കുകയും ഹോട്ടലിലെത്തി വിമാനത്താവളത്തിലേക്ക് മടങ്ങുകയുമായിരുന്നു ഷെഡ്യൂള്‍.
എന്നാല്‍ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വ്യക്തിപരമായ താത്പര്യങ്ങള്‍ക്ക് വേണ്ടി എഡിജിപി മനോജ് ഏബ്രഹാമിനെ വിളിച്ച് താന്‍ അതില്‍ മാറ്റം വരുത്തിയെന്നും കൂടിക്കാഴ്ചയുടെ ദൃശ്യം കൈവശമുണ്ടെന്നും സ്വപ്ന പറഞ്ഞു.