ആലുവ: വർക്കല തെരുവുനായ കേസിലെ ഒന്നാം പ്രതിയായ തെരുവുനായ സമരസമിതി ഭാരവാഹി ജോസ് മാവേലിയെ കോടതി ശിക്ഷിച്ചു.
വർക്കല ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കോടതി പിരിയുംവരെ തടവും 4,550 രൂപ പിഴയും വിധിച്ചത്. കോടതിയിൽ ഹാജരായിരുന്ന ജോസ് മാവേലി വൈകുന്നേരം വരെ കോടതിയിൽനിന്ന് ശിക്ഷയേറ്റു വാങ്ങി പിഴയുമടച്ചു.
2016ൽ വർക്കല സ്വദേശിയായ രാഘവനെ (90) തെരുവുനായ്ക്കൾ കടിച്ചുകീറി കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ നിരവധി തെരുവുനായ്ക്കളെ വകവരുത്തിയിരുന്നു.
നഗരസഭ കൗൺസിലർമാരാണ് നേതൃത്വം നല്കിയത്. ജോസ് മാവേലിയും ഈസമയം വർക്കലയിലുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ പ്രേരണയാലാണ് തെരുവുനായ്ക്കളെ കൊന്നതെന്നാരോപിച്ച് മൃഗസ്നേഹികൾ നല്കിയ പരാതിയിലാണ് ജോസ് മാവേലിക്കെതിരേ പോലീസ് കേസെടുത്തത്.
കേസിൽ കൗൺസിലർമാരടക്കം ആറു പ്രതികൾ ഉണ്ടായിരുന്നെങ്കിലും ജോസ് മാവേലി മാത്രമാണ് കോടതിയിൽ ഹാജരായി ശിക്ഷ ഏറ്റുവാങ്ങിയത്.