തലശേരി: പ്ലസ് വൺ പരീക്ഷയ്ക്കിടയിൽ വിദ്യാർഥിനി സഹപാഠിയുടെ കഴുത്തറത്ത് കൊല്ലാൻ ശ്രമിച്ചു. ഇന്നലെ രാവിലെ പത്തരയോടെ തലശേരി നഗരത്തിലെ ഒരു സ്കൂളിലായിരുന്നു സംഭവം.
കൈക്കും കഴുത്തിനും ആഴത്തിൽ മുറിവേറ്റ പെൺകുട്ടിയെ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹപാഠിയെ മുറിവേൽപ്പിച്ച പെൺകുട്ടി മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബ്ലേഡുമായെത്തിയ വിദ്യാർഥിനിയുടെ ആക്രമണം കണ്ട് ക്ലാസ് മുറിയിൽ മറ്റൊരു പെൺകുട്ടി ബോധരഹിതയായി വീഴുകയും ചെയ്തു.
പരീക്ഷയെഴുതുന്നതിനിടയിൽ പെട്ടെന്ന് പ്രകോപിതയായ പെൺകുട്ടി പിന്നിലെ ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റുവന്ന് മുന്നിലിരുന്ന സഹപാഠിയുടെ മുടി കുത്തിപ്പിടിച്ചശേഷം കഴുത്തിനുനേരേ ബ്ലേഡുകൊണ്ട് ആക്രമിക്കുകയായിരുന്നു.
പെൺകുട്ടിയുടെ കഴുത്തിനും കൈക്കും മൂന്ന് സ്റ്റിച്ചുകൾ വീതമുണ്ട്.സംഭവത്തിനുശേഷം സമനില തെറ്റിയ നിലയിലായിരുന്നു പെൺകുട്ടിയുടെ പെരുമാറ്റമെന്ന് സ്കൂൾ അധികൃതർ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.
തുടർന്ന് ഈ പെൺകുട്ടിക്ക് തലശേരിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം കോഴിക്കോട്ടേക്ക് കൊണ്ടുപോകുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടിയിൽനിന്ന് പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തി.
പരീക്ഷാഹാളിൽ ഉണ്ടായിരുന്ന മറ്റു കുട്ടികളിൽനിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചുവരികയാണ്. താൻ ഇഷ്ടപ്പെടുന്ന ഒരു ആൺസുഹൃത്തിനെക്കുറിച്ച് നവമാധ്യമത്തിൽ പങ്കുവച്ച ഒരു പോസ്റ്റുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്.
രണ്ടുപേരും ഒരേ പ്രദേശത്തുകാരും സുഹൃത്തുക്കളും ഒരുമിച്ച് സ്കൂളിലെത്തുന്നവരുമാണ്.