എരുമേലി: ജീവൻ രക്ഷാ ദൗത്യമായ ആംബുലൻസിനോടും പ്രതികാരം. ടയറിന്റെ കീഴെ മൂർച്ചയേറിയ ആണി വച്ചായിരുന്നു പ്രതികാരം.
പക്ഷേ ഡ്രൈവർ മിടുക്കനായതിനാൽ ഓട്ടത്തിന് മുമ്പേ ആണി കണ്ടുപിടിച്ചു.
എരുമേലിയിലെ സർക്കാർ ആശുപത്രിയുടെ ആംബുലൻസിനാണ് ആണി വച്ച് ഓട്ടത്തിൽ അപകടത്തിൽപ്പെടുത്താൻ ശ്രമമുണ്ടായത്.
ഇന്നലെയാണ് സംഭവം. ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകി.
മുൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ വാങ്ങിയ ആംബുലൻസിന്റെ പിൻഭാഗത്തെ ഒരു ടയറിന്റെ ചുവട്ടിലാണ് ആംബുലൻസ് ഓടുമ്പോൾ ടയറിൽ കുത്തിക്കയറാവുന്ന വിധത്തിൽ ആണി വച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഓട്ടത്തിനായി ആംബുലൻസ് സ്റ്റാർട്ട് ചെയ്യുന്നതിന് മുമ്പ് ഡ്രൈവർ എരുമേലി കരിങ്കല്ലുമുഴി സ്വദേശി കടവുങ്കൽ വിൽസൻ പതിവ് പോലെ ടയറുകളുടെ കാറ്റ് ചെക്ക് ചെയ്തപ്പോഴാണ് ആണി കണ്ടത്. ഉടനെ അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു.
ആണി വച്ചതറിയാതെ ആംബുലൻസ് സർവീസ് നടത്തിയിരുന്നെങ്കിൽ അപകടത്തിൽപ്പെടുമായിരുന്നെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞയിടെ ആശുപത്രിയിലെ 108 ആംബുലൻസിന്റെ ചില്ലുകൾ തകർത്തതിന് മാനസിക അസ്വാസ്ഥ്യം ഉള്ളയാളെ പോലീസ് പിടികൂടിയിരുന്നു.
ആശുപത്രിയിൽ സിസി കാമറ നിരീക്ഷണവും കാവലിന് സെക്യൂരിറ്റിയെ നിയോഗിക്കണമെന്നുമുള്ള ആവശ്യം ഉയർന്നിരിക്കുകയാണ്.