തിരുവനന്തപുരം: തൊണ്ടി സ്പിരിറ്റ് എക്സൈസ് ഉദ്യോഗസ്ഥർ മോഷ്ടിച്ചു കടത്തിയ സംഭവത്തിൽ എക്സൈസ് ഇൻസ്പെക്ടറടക്കം ആറ് ഉദ്യോഗസ്ഥർക്കെതിരേ അഴിമതി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ തിരുവനന്തപുരം വിജിലൻസ് സ്പെഷൽ കോടതി ഉത്തരവിട്ടു.
പ്രാരംഭ അന്വേഷണ റിപ്പോർട്ട് 60 ദിവസത്തിനകം ഹാജരാക്കാൻ വിജിലൻസ് ഡയറക്ടർക്ക് വിജിലൻസ് ജഡ്ജി ജി. ഗോപകുമാർ ഉത്തരവ് നൽകി.
പത്തനംതിട്ട മല്ലപ്പള്ളി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.സാജു, എക്സൈസ് പ്രിവന്റീവ് ഓഫീസർ സച്ചിൻ സെബാസ്റ്റ്യൻ, എക്സൈസ് ഡ്രൈവർ പി.ജി. വിശ്വനാഥൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വി. പ്രദീപ് കുമാർ, എസ്. ഷൈൻ, ജി. പ്രവീണ് എന്നിവർക്കെതിരേ അഴിമതി, വ്യാജ എഫ്ഐആർ രേഖ ചമയ്ക്കൽ, കണക്കുകളുടെ വ്യാജീകരണം, തെളിവ് നശിപ്പിക്കൽ എന്നീ ഗൗരവമേറിയ കുറ്റങ്ങൾക്ക് കേസ് രജിസ്റ്റർ ചെയ്യാനാണ് ഉത്തരവ്.
സംഭവത്തിൽ വിജിലൻസ് കേസ് വേണ്ടെന്നും ഉദ്യോഗസ്ഥർക്കെതിരേ നികുതി വകുപ്പ് മുഖേന വകുപ്പുതല നടപടി മതിയെന്നുള്ള വിജിലൻസ് എസ്പി കെ.ഇ ബൈജുവിന്റെ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.
എസ്പിയെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. എക്സൈസ് ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് കേസെടുക്കണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിൻകര പി. നാഗരാജ് അർപ്പിച്ച സ്വകാര്യ അന്യായത്തിലാണ് കോടതി ഉത്തരവ്.
2018 ഒക്ടോബർ 18 നാണു കേസിനാസ്പദമായ സംഭവം നടന്നത്. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിൽ നിന്നു തീർന്ന കേസിന്റെ തൊണ്ടിമുതലായ സ്പിരിറ്റ് നടപടിക്രമങ്ങൾ പാലിച്ചു നശിപ്പിച്ചു കോടതിക്കു റിപ്പോർട്ട് നൽകാനായി മല്ലപ്പള്ളി എക്സൈസ് റേയ്ഞ്ചിനു കൈമാറി.
എന്നാൽ ഈ സ്പിരിറ്റ് റേഞ്ച് ഓഫീസിൽ നിന്നും ഡിപ്പാർട്ട്മെന്റ് വാഹനത്തിൽ എക്സൈസ് തന്നെ കടത്തിക്കൊണ്ടു പോയി. മല്ലപ്പള്ളി ടൗണിൽ ഹർത്താലനുകൂലികൾ വാഹനം തടഞ്ഞുവച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
സിവിൽ എക്സൈസ് ഓഫീസർ പ്രദീപ് കുമാർ പോലീസ് എടുത്ത അബ്കാരി കേസിൽ റിമാൻഡിലായി. എന്നാൽ പോലീസ് പിടിച്ച സ്പിരിറ്റ് ഒക്ടോബർ 18നു മഞ്ഞത്താനം റോഡ് കലുങ്കിനു സമീപം ആരോ ഉപേക്ഷിച്ചതു കണ്ടെടുത്തതാണെന്ന് എക്സൈസ് കേസുണ്ടാക്കി.
വ്യാജ സാക്ഷികളെ സൃഷ്ടിച്ച് വ്യാജമഹസറും കേസ് റിക്കാർഡും തയാറാക്കി പ്രതിയില്ലാതെ കളവായി എക്സൈസ് കേസെടുക്കുകയായിരുന്നുവെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കള്ളക്കേസ് നിയമപരമായി സാധുകരിക്കാൻ എക്സൈസ് രേഖകളിൽ കൃത്രിമം നടത്തിയതായും കണ്ടെത്തി.