അഞ്ചല്‍: അഞ്ചലില്‍ വീട്ടമ്മയുടെ മാല പിടിച്ചുപറിച്ച കേസില്‍ പ്രതി അറസ്റ്റില്‍.
പത്തടി കാഞ്ഞുവയാല് സുധീര്‍ മന്‍സിലില്‍ മുഹമ്മദ് യഹിയ (20) ആണ് അഞ്ചല്‍ പോലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. അഗസ്ത്യകോട് കോമളത്ത് അരവിന്ദ് ആരാമത്തില്‍ ധര്മ്മലതയുടെ മാലയാണ് പ്രതി പൊട്ടിച്ചെടുത്ത്.
അര്ജുനന് എന്നയാളുടെ വിലാസം തേടിയെത്തുകയും പിന്നീട് കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയും ചെയ്ത പ്രതി ധര്മ്മലത വെള്ളവുമായി എത്തുന്നതിനിടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചുകടന്നുകളയുകയായിരുന്നു.
തുടര്‍ന്ന് കേസെടുത്ത അഞ്ചല്‍ പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കുകയും മുഹമദ് യഹിയായെ തിരിച്ചറിയുകയുമായിരുന്നു.
ബിരുദധാരിയായ പ്രതി പിടിച്ചുപറി നടത്തിയത് ഓണ്‍ലൈന്‍ റമ്മി കളിക്കുന്നതിനയുള്ള പണം കണ്ടെത്തുന്നതിനാണ്.
ഓണ്‍ലൈന്‍ വഴി റമ്മി കളിച്ചതിലൂടെ ലക്ഷങ്ങള്‍ തുലച്ച ഇയാള്‍ ബന്ധുക്കളുടെ അടക്കം അക്കൗണ്ടില്‍ നിന്നുള്ള പണവും ഇതിനായി ഉപയോഗിച്ചിരുന്നു.
അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി ഗോപകുമാര്‍, എസ് ഐ പ്രജീഷ് കുമാര്‍, ഗ്രേഡ് എസ് ഐ നിസാര്‍, എ എസ് ഐ അജിത്ത് ലാല്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷ്,
സിവില്‍ പോലീസ് ഓഫീസര്‍മാരായ ദീപു, സജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ മുഹമദ് യഹിയയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.