തിരുവനന്തപുരം: ജിഎസ്ടി വകുപ്പ് സംസ്ഥാന വ്യാപകമായി ഇന്നലെ രാത്രി മുതൽ ഇന്നു പുലർച്ചെ വരെ ഹോട്ടലുകളിൽ നടത്തിയ മിന്നല്‍ പരിശോധനയിൽ കോടികളുടെ വെട്ടിപ്പ് കണ്ടെത്തി.
ഹോട്ടൽ മേഖലയിൽ നടത്തുന്ന നികുതി വെട്ടിപ്പുകൾ കണ്ടെത്തുന്നതിനാണ് ഓപ്പറേഷൻ മൂൺലൈറ്റ് എന്ന പേരിൽ പരിശോധന നടത്തിയത്.
വിവിധ ജില്ലകളിലായി 32 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.
ഹോട്ടൽ ഉടമകളിൽ പലരും നികുതി പിരിച്ചിട്ട് സർക്കാരിൽ അടയ്ക്കാതെ വെട്ടിപ്പ് നടത്തുന്നുവെന്ന് പരാതികൾ ഉയർന്നിരുന്നു.
ഇക്കാര്യത്തിൽ വ്യാപക പരാതികൾ ജിഎസ്ടി വകുപ്പിന് ലഭിച്ചിരുന്നു. ഹോട്ടലുകൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ എടുക്കാൻ ആവശ്യമായ വിറ്റുവരവ് 20 ലക്ഷം രൂപയാണ്.
ചില ഹോട്ടലുകൾ വിറ്റുവരവ് മനപൂർവം കുറച്ചു കാണിച്ചതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ഉപഭോക്താക്കളില്‍ നിന്ന് നികുതി പിരിക്കാന്‍ അനുമതിയില്ലാത്ത ചില ഹോട്ടലുകൾ നികുതിയും ഈടാക്കിയതായും ഇത് സർക്കാരിലേക്കു നൽകാതിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ജിഎസ്ടി അന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ നാല്‍പ്പതോളം ഓഫിസര്‍മാരും ഇരുനൂറോളം ഇന്‍സ്പെക്ടര്‍മാരും പങ്കെടുത്തു. പരിശോധന വരും ദിവസങ്ങളിലും തുടരും.