കയ്യില്‍ കിട്ടുന്ന സാധനങ്ങളെല്ലാമെടുത്ത് വായിലിടുന്നത് കുട്ടികളുടെ പതിവാണ്. മുതിര്‍ന്നവരുടെ ശ്രദ്ധ അല്പമൊന്ന് പാളിയാല്‍ പലപ്പോഴും അത് അപകടങ്ങള്‍ക്കിടയാക്കുന്നു.
ഇങ്ങനെ സാധനങ്ങള്‍ വായിലിട്ട് അത് വയറ്റിലെത്തി ഒടുവില്‍ ഡോക്ടറുടെ അടുത്തെത്തുന്ന പല സംഭവങ്ങളും നമ്മള് കണ്ടിട്ടുണ്ട്.
ഇവിടെയും വയറ്റില്‍ സാധനങ്ങള്‍ കുടുങ്ങിയ ഒരു സംഭവമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. പക്ഷേ ഇത് ഒന്നും രണ്ടും സാധനങ്ങളൊന്നുമല്ല, ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 233 സാധനങ്ങളാണ്.
അതും കുട്ടികളുടെയല്ല, ഒരു 35കാരന്റെ വയറ്റില്‍ നിന്നാണ് ഒരു ആക്രിക്കടയ്ക്കുള്ള സാധനങ്ങള്‍ പുറത്തെടുത്തത്. തുര്‍ക്കിയിലാണ് സംഭവം.
യുവാവിന്റെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. വയറുവേദനെ തുടര്‍ന്നാണ് ഇയാള്‍ ഡോക്ടറെ സമീപിക്കുന്നത്.
തുടര്‍ന്ന് നടത്തിയ അള്ട്രാസൗണ്ടിലും എക്സ് റേയിലും വയറ്റില്‍ സാധനങ്ങളുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
ലിറ നാണയങ്ങള്‍, ബാറ്ററികള്‍, കാന്തം, സ്ക്രൂ, ചില്ല് കഷണങ്ങള്‍ എന്നിങ്ങനെ 233 സാധനങ്ങളാണ് യുവാവിന്റെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ നീക്കിയത്.
ശസ്ത്രക്രിയയുടെ ഇടയില്‍ രണ്ട് ആണികള്‍ ഇയാളുടെ വയറ്റില്‍ തറച്ചിരിക്കുന്നതായും കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. സാധനങ്ങളെല്ലാം നീക്കി വയറ് ശുദ്ധീകരിച്ചാണ് ഡോക്ടര്‍മാര്‍ ഇയാളെ പറഞ്ഞയച്ചത്.
കുട്ടികളും മാനസിക വളര്ച്ചയെത്താത്തവരുമൊക്കെ ഭക്ഷ്യ യോഗ്യമല്ലാത്ത വസ്തുക്കള്‍ കഴിയ്ക്കാറുണ്ടെന്നും എന്നാല്‍ യുവാവിന്റെ വയറ്റില്‍ ഇത്രയധികം സാധനങ്ങള്‍ എത്തിയതെങ്ങനെയെന്ന് അറിവില്ലെന്നും ശസ്ത്രക്രിയ നടത്തിയവരില്‍ ഒരാളായ ഡോ.ബെനിസി അറിയിച്ചു.