കേരളത്തില്‍ ഇപ്പോള്‍ കോവിഡിനു പിന്നാലെ പകര്‍ച്ചവ്യാധികളും നടമാടുകയാണ്. ആന്ത്രാക്സാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയ ആള്.
മനുഷ്യരിലേക്ക് പകരാനുള്ള സാദ്ധ്യത കുറവാണെങ്കിലും ജനങ്ങള്‍ ആശങ്കയോടെയാണ് ആന്ത്രാക്സിനെ കാണുന്നത്. അധികൃതര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആതിരപ്പിള്ളിയിലെ പിള്ളപ്പാറ മേഖലയില്‍ ചത്തുവീണ കാട്ടുപന്നികളെ പരിശോധിച്ചപ്പോഴാണ് മരണകാരണം ആന്ത്രാക്സാണെന്ന് വ്യക്തമായത്.
ചത്ത പന്നികളുടെ ശവശരീരങ്ങള്‍ കുഴിച്ചിടാന്‍ സഹായിച്ചവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കമുണ്ടാകാതെ നോക്കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ‘വൂള്‍ സോര്‍ട്ടേഴ്സ് രോഗം’ എന്നാണ്
മനുഷ്യരില്‍ ഈ രോഗം എന്ന് അറിയപ്പെടുന്നത്. മുഖം, കൈ, ശ്വാസകോശം, തലച്ചോര്‍, കുടല് എന്നിവിടങ്ങളില്‍ ഉണങ്ങാത്ത വ്രണങ്ങള്‍ ഉണ്ടാകുന്നതാണ് പ്രധാനലക്ഷണം.
ഇപ്പോള്‍ വളരെ ഫലപ്രദമായ വാക്സിനുകള്‍ ഈ രോഗത്തിനെതിരായി നിലവിലുണ്ട്. ആന്റിബയോട്ടിക് ഔഷധങ്ങള്‍ കൊണ്ട് ചിലതരം ആന്ത്രാക്സ് പൂര്‍ണ്ണമായും ഭേദമാക്കാന്‍ കഴിയും.
‘ബാസില്ലസ് ആന്ത്രാസിസ്’ എന്ന അണുവാണ് രോഗം ഉണ്ടാക്കുന്നത്. മനുഷ്യന്, കുതിര, പന്നി,ആട്, ആന എന്നിവയിലാണ് ആന്ത്രാക്സ് രോഗം കണ്ടുവരുന്നത്.
നായകളേയും പൂച്ചകളേയും വളരെ അപൂര്‍വമായേ ബാധിക്കുന്നുള്ളൂ ആഹാരം, ശ്വാസോച്ഛ്വാസം, ശരീരത്തിലെ മുറിവ് എന്നിവയിലൂടെയാണ് രോഗാണുക്കള്‍ പ്രധാനമായും ശരീരത്തിനുള്ളില്‍ കടക്കുന്നത്. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം കുടിക്കുന്ന പ്രാണികളും രോഗം പരത്തും.
വായുസമ്പര്ക്കുമുണ്ടാകുമ്പോള് ആന്ത്രാക്സ് രോഗാണുക്കള്‍ സ്പോറുകളായി (രേണുക്കള്‍) രൂപം മാറുന്നു. ഇവയ്ക്ക് വര്‍ഷങ്ങളോളം ഒരു പ്രശ്നവുമില്ലാതെ മണ്ണില്‍ കഴിയാന്‍ സാധിക്കും.
കന്നുകാലികളുടെ ശരീരം ഉള്‍പ്പടെ അനുകൂല സാഹചര്യങ്ങളില്‍ പ്രവേശിക്കുമ്പോള്‍ രോഗകാരിയാവുകയും ചെയ്യും.
ആഹാരത്തില്‍ കൂടിയാണ് സ്പോറുകള്‍ ശരീരത്തിനുള്ളില്‍ കടക്കുന്നതെങ്കില്‍ വായിലോ ആമായശത്തിലോ അന്നനാളത്തിലോ ഉള്ള ചെറിയ മുറിവുകള്‍ വഴി രക്തത്തില്‍ കടക്കും.
പിന്നീട് വളരെ വേഗത്തില്‍ പെറ്റുപെരുകും. നിമിഷങ്ങള്‍ക്കുളളില്‍ രോഗാണുക്കള്‍ എല്ലാ അവയവങ്ങളിലേക്കും എത്തുകയും ചെയ്യും.
ഇതിനൊപ്പം അണുക്കള്‍ ഉത്പാദിപ്പിക്കുന്ന മാരക വിഷം രക്തത്തില്‍ കലരുംചെയ്യും. ഇതിനെത്തുടര്‍ന്നുണ്ടാകുന്ന ആഘാതങ്ങളാണ് മരണകാരണമാകുന്നത്. ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതാല് ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ മരണവും ഉണ്ടാവും.
ശക്തമായ പനി, ശ്വാസംമുട്ടല്‍, വിറയല്‍, കണ്ണുകള്‍ ചുവന്ന് തുടുക്കുക, മൂക്കില്‍ നിന്ന് നീരൊലിപ്പ്, വയര്‍ സ്തംഭനം, മൂത്രത്തില്‍ രക്തം കണുക എന്നിവയാണ് രോഗലക്ഷണങ്ങളില്‍ പ്രധാനം.
ചത്തുകഴിഞ്ഞവയുടെ മലദ്വാരത്തിലൂടെയും ജനനേന്ദ്രിയത്തിലൂടെയും കറുപ്പുകലര്‍ന്ന രക്തം ഒഴുകാറുണ്ട്. ഇവയിലെല്ലാം രോഗാണുക്കള്‍ ഉണ്ടാവും എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
രോഗം ബാധിച്ച പശു, ആട് എന്നിവയുടെ പാല് ഉപയോഗിക്കരുത്.മരണകാരണം ആന്ത്രാക്സാണെന്ന് സംശയം തോന്നിയാല്‍ ചത്ത ജീവികളുടെ ശവശരീരങ്ങള്‍ ഒരിക്കലും മുറിക്കാന്‍ പാടില്ല.
മുറിക്കുമ്പോള്‍ വന്‍തോതില്‍ രോഗാണുക്കള്‍ പുറത്തുവരികയും ഇത് രോഗസംക്രമണത്തിന് കാരണമാവുകയും ചെയ്യും എന്നതിനാലാണിത്.
ഇവയുടെ മാംസം ഭക്ഷിക്കയും അരുത്. ശവശരീരവും മറ്റ് വിസര്‍ജ്യവസ്തുക്കളും തീയിട്ട് നശിപ്പിക്കുകയോ ആറടിയില്‍ കുറയാത്ത ആഴമുള്ള കുഴിയില്‍ കുമ്മായമിട്ടശേഷം കുഴിച്ചുമൂടുകയോ ചെയ്യണം.