കോട്ടയം താഴത്തങ്ങാടി സാബു ഫിലിപ്പ് തന്റെ കൈയിലുള്ള പഴയ നാണയങ്ങളുടെയും കറൻസി നോട്ടുകളുടെയും ശേഖരത്തോടൊപ്പം. -ജോണ് മാത്യു.
കോട്ടയം: “ജോർജുകുട്ടിയില്ല…’ പോക്കറ്റ് കാലിയാകുന്പോൾ മലയാളികൾ പ്രത്യേകിച്ചു കോട്ടയംകാരുടെ നാടൻ ശൈലിയാണിത്. പണത്തിന് ആ പേര് വന്നതെങ്ങനെയെന്ന് ഒരുപക്ഷേ, എല്ലാവർക്കും അറിയില്ല.
നമ്മുടെ രാജ്യത്ത് ബ്രിട്ടീഷ് ഇന്ത്യയിൽ നിലനിന്ന നാണയത്തിന്റെ ഒരു വശത്ത് ബ്രിട്ടനിലെ കിരീടാവകാശിയായിരുന്ന ജോർജ് അഞ്ചാമന്റെ, അതായത് വിക്ടോറിയാ രാജ്ഞിയുടെ ഭർത്താവിന്റെ മുഖമാണ് ആലേഖനം ചെയ്തിരുന്നത്.
അങ്ങനെയാണ് ഇന്ത്യൻ നാണയത്തിന് ജോർജുകുട്ടിയെന്ന ഇരട്ടപ്പേര് കൈവന്നത്.ഈ ജോർജുകുട്ടി മാത്രമല്ല, കാശ്, ഓട്ടക്കാലണ, ചക്രം തുടങ്ങിയ നമ്മുടെ പഴയ നാണയങ്ങളുടെയും ലോകരാജ്യങ്ങളിൽ ഇപ്പോൾ നിലവിലില്ലാത്ത നാണയങ്ങളുടെയും കറൻസി നോട്ടുകളുടെയും വലിയ ശേഖരം കൈയിലുള്ള ആളാണു കോട്ടയം താഴത്തങ്ങാടിയിൽ പവർ ടൂൾസ് വാടകയ്ക്കു കൊടുക്കുന്ന സാബു ഫിലിപ്പ് എന്ന ബുള്ളറ്റ് അച്ചായൻ.
അച്ചായന്റെ കൈയിൽ വിന്റേജ് ബുള്ളറ്റ് മൂന്നെണ്ണം ഉണ്ട്.കോട്ടയത്തെ ട്രാവൻകൂർ സിമന്റ്സിൽ ഫോർമാനായി റിട്ടയർ ചെയ്ത സാബു അച്ചായൻ 15-ാം വയസിൽ തൊഴിൽ തേടി ബോംബെയിലെത്തി.
പവർ ടൂൾ ഉപകരണങ്ങളോടുള്ള ചങ്ങാത്തം അന്നേ തുടങ്ങിയതാണ്. കെട്ടിട നിർമാണത്തിന് ഉപയോഗിക്കുന്ന ഒട്ടുമിക്ക ഉപകരണങ്ങളും സ്വയം റിപ്പയർ ചെയ്യും.
62-ാം വയസിലും തന്റെ ആരോഗ്യത്തിന്റെ രഹസ്യം ഇതാണെന്ന് അദ്ദേഹം പറയുന്നു. പഴയ നാണയങ്ങൾക്ക് പുറമെ വിവിധങ്ങളായ പുരാവസ്തുക്കളും ശേഖരത്തിലുണ്ട്.
ബ്രിട്ടീഷ് റോയൽ നേവിയുടെ ഒരു ബൈനോക്കുലർ അതിൽ എടുത്തുപറയേണ്ടതാണ്.പഴയ ആറന്മുള കണ്ണാടി മുതൽ ഗൃഹോപകരണങ്ങളുടെയും വിളക്കുകളുടെയും ക്രിസ്റ്റൽ ഗ്ലാസുകളുടെയും ശേഖരവും ഇദ്ദേഹത്തിനുണ്ട്.
ഏതൊക്കെ രാജ്യങ്ങളിലെ നാണയങ്ങളും കറൻസി നോട്ടുകളും ഉണ്ടെന്ന് ചോദിച്ചാൽ കൃത്യമായി പറയാൻ ഇദ്ദേഹത്തിനാവില്ല.
ഒന്നുറപ്പാണ് ഈ നാണയങ്ങളുടെയും കറൻസി നോട്ടുകളുടെയും പുരാവസ്തു എന്ന നിലയ്ക്കുള്ള മൂല്യം കണക്കാക്കിയാൽ അച്ചായനും ’വലിയ കാശുകാരനാണ്’.