കൊച്ചി: പോളണ്ടിൽനിന്ന് അന്താരാഷട്ര കൊറിയർ സംവിധാനം ഉപയോഗിച്ച് രാസലഹരി കടത്തിക്കൊണ്ടുവന്ന കേസിൽ പ്രതി ലഹരി എത്തിച്ചത് ഡിജെ പാർട്ടികളിൽ പങ്കെടുക്കുന്ന ടെക്കികൾക്കായി.
ഉപഭോക്താക്കൾക്കിടയിൽ വ്യാസ്ഭായ് എന്നറിയപ്പെട്ടിരുന്ന തലശേരി മണ്ണയാട് കാവ്യാസ് വീട്ടിൽ വികാസ് സത്യശീലനെയാണ് (35) എറണാകുളം സിറ്റി എക്സൈസ് റേഞ്ച് അറസ്റ്റുചെയ്തത്.
വിപണിയിൽ പത്തുലക്ഷത്തോളം മൂല്യമുള്ള മയക്കുമരുന്ന് ഇയാളിൽനിന്നു പിടിച്ചെടുത്തു. താമസസ്ഥലത്തുനിന്ന് ആറുഗ്രാം എംഡിഎംഎ, 260 മില്ലി ഹെറോയിൻ, 20 ഗ്രാം ഹാഷിഷ്, 36 മില്ലിഗ്രാം എൽഎസ്ഡി, 105 ഗ്രാം കഞ്ചാവ് എന്നിവയും കണ്ടെടുത്തു.
അതിമാരക രാസലഹരിയായ ഗോൾഡൻ ഡ്രാഗണ്‍ വിഭാഗത്തിൽപ്പെട്ട എൽഎസ്ഡി സ്റ്റാന്പാണ് ഇയാൾ കടത്തിയത്.
ഗോവ, ബംഗളൂരു എന്നിവിടങ്ങളിലെ ഡിജെ പാർട്ടികളിലാണ് ഇത് വിതരണം ചെയ്തത്. എൽഎസ്ഡി സ്റ്റാന്പിന് ഒരെണ്ണത്തിന് 3,000 മുതൽ 5,000 വരെയാണ് ഇടാക്കിയിരുന്നത്.
17 മണിക്കൂർ മുതൽ 24 മണിക്കൂർ വരെ ഇതിന്റെ വീര്യം നിലനിൽക്കും. ഇത് നിരന്തരമായി ഉപയോഗിച്ചു വരുന്നവർ വിഷാദരോഗം ബാധിച്ച് ഒടുവിൽ ആത്മഹത്യയിലേക്ക് നീങ്ങാറുണ്ട്.
പോസ്റ്റൽ അപ്രയ്സിംഗ് ഓഫീസിൽ വന്ന പാഴ്സൽ സംശയാസ്പദമായ സാഹചര്യത്തിൽ തടഞ്ഞുവച്ച് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കടത്ത് കണ്ടെത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു.