മട്ടന്നൂർ: എ.കെ.ജി സെന്ററിന് നേരെ നടന്ന ആക്രമണം ഇ.പി. ജയരാജൻ നടത്തിയ നാടകമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് പറയുന്നില്ല.
എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പേഴ്സണലായി നടത്തിയ ആക്രമണമാണ്.
രാഹുൽ ഗാന്ധിയുടെ സന്ദർശന ദിവസം ലക്ഷ്യമാക്കിയുള്ള ആസൂത്രണമാണെന്നും രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം ചർച്ചയാകാതിരിക്കാനുള്ള ശ്രമമാണെന്നും സുധാകരൻ കണ്ണൂർ വിമാനത്താവളത്തിൽ പറഞ്ഞു.
രാഹുൽ ഗാന്ധി വരുന്ന ദിവസം അതിന്റെ പ്രഭ കെടുത്താൻ സിപിഎം ഓഫീസ് കോൺഗ്രസ് ആക്രമിച്ചു എന്ന ആരോപണം ബുദ്ധിയുള്ളവർ വിശ്വസിക്കില്ല.
കേരളത്തിൽ കലാപം അഴിച്ചു വിടാൻ സിപിഎം ശ്രമിക്കുന്നു. കലാപം സൃഷ്ടിച്ച് മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ ഉയർന്ന ആരോപണങ്ങൾ വഴി തിരിച്ച് വിടാനുള്ള ശ്രമമാണ്.
സന്ദീപ് ആനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഘം തന്നെയാണ് എ.കെ.ജി സെന്ററിന് നേരെ പടക്കം എറിഞ്ഞത്.
തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സിപിഎമ്മിന്റെ ക്വട്ടേഷൻ സംഘം ആണ് ആക്രമണത്തിന് പിന്നിൽ.
പോലീസ് സുരക്ഷയുള്ള എ.കെ.ജി സെന്ററിൽ പരിചയമുള്ള ആളുകൾക്കെ ആക്രമണം നടത്താനാകൂ. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്ന് പറയുന്നത്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് സംഭവം സത്യസന്ധമായി അന്വേഷിക്കണമെന്നും കെ.സുധാകരൻ പറഞ്ഞു.
ഇ.പി.ജയരാജന്റെ പ്രസ്താവന ശുദ്ധഅസംബദ്ധം: എംഎം ഹസന്
തിരുവനന്തപുരം: കോണ്‍ഗ്രസാണ് ആക്രമണത്തിനു പിന്നിലെന്ന എല്‍ഡിഎഫ് കൺവീനര്‍ ഇ.പി.ജയരാജന്റെ പ്രസ്താവന ശുദ്ധഅസംബദ്ധമാണെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ.
കോണ്‍ഗ്രസിനോ യുഡിഎഫിനോ ഇൗ അക്രമത്തില്‍ ഒരു പങ്കുമില്ല. ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണ്.
എകെജി സെന്ററിന് മുന്നില്‍ പോലീസ് സംരക്ഷണം ഉണ്ടായിരുന്നു. ഒരു ഗേറ്റില്‍ സിസിടിവിയും പ്രവര്‍ത്തിച്ചിരുന്നു.
പ്രതിയെ കണ്ടുപിടിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാണ്. പോലീസ് അന്വേഷണം നടത്തി അക്രമിയെ കണ്ടുപിടിക്കട്ടെ.
രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം നടക്കാന്‍ ഇരിക്കെ അര്‍ധരാത്രി എകെജി സെന്ററിനുനേരെയുള്ള അക്രമത്തില്‍ ദുരൂഹതകളുണ്ട്.
ഇത്തരമൊരു അക്രമം നടത്തി അതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന് തലയില്‍ കെട്ടിവെയ്ക്കാന്‍ ചില ഗൂഢശക്തികളുടെ ബോധപൂര്‍വ്വമായ ശ്രമമുണ്ട്.
സിപിഎം നേതൃത്വം പ്രവര്‍ത്തകരോട് ആത്മസംയമനം പാലിക്കാന്‍ പറഞ്ഞിട്ടും പത്തനംതിട്ടയില്‍ ഉള്‍പ്പെടെ വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം നടക്കുകയാണെന്നും ഹസന് പറഞ്ഞു.
കോണ്‍ഗ്രസിനു പങ്കില്ലെന്ന് വി.ഡി. സതീശൻ
കൊച്ചി: എകെജി സെന്ററിനു നേരേ ബോംബ് എറിഞ്ഞതിൽ കോണ്‍ഗ്രസിനു പങ്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കൊച്ചിയിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദേഹം. കോണ്‍ഗ്രസ് ഒരു കാരണവശാലും ഇത്തരം പ്രവർത്തനങ്ങൾക്ക് അനുകൂലമായി നിലപാട് എടുക്കില്ല.
കേരളത്തിലെ കോണ്‍ഗ്രസിന്റെ നയമോ യുഡിഎഫിന്റെ നയമോ അല്ല പാർട്ടി ഓഫീസിലേക്ക് ബോംബ് എറിയുന്നത്.
ഞങ്ങൾക്ക് ആർക്കും ഇതുസംബന്ധിച്ച് യാതൊരു വിവരവുമില്ല. പോലീസ് അന്വേഷിക്കട്ടെ.
സിസിടിവി ദൃശ്യങ്ങൾ വ്യക്തതയുള്ളതല്ലേ. പോലീസ് അന്വേഷിച്ച് ആരാണ് കുറ്റക്കാരെന്ന് കണ്ടെത്തട്ടെയെന്നു സതീശൻ പറഞ്ഞു.
കോണ്‍ഗ്രസിന് എതിരായ ആക്രമണം എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ്. കോണ്‍ഗ്രസ് ഒരിക്കലും ബോംബാക്രമണമുണ്ടാക്കി വിഷയങ്ങൾ തിരിച്ചുവിടാൻ ശ്രമിക്കില്ല.
സർക്കാരിനെതിരായ സമരത്തിന്റെ ഫോക്കസ് മാറ്റാൻ കോണ്‍ഗ്രസിന് താൽപര്യമില്ല.
നിലവിലെ പ്രതിപക്ഷ സമരങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടണമെന്ന് ആഗ്രഹിക്കുന്നവരാണ് സംഭവത്തിന് പിന്നിലെന്നും സതീശൻ കൂട്ടിച്ചേർത്തു.
കനത്ത ജാഗ്രത; പ്രതിക്കായി തെരച്ചിൽ
തിരുവനന്തപുരം: സിപിഎം സംസ്ഥാന ആസ്ഥാന മന്ദിരമായ എകെജി സെന്ററിനെതിരെ ബോംബേറുണ്ടായ സാഹചര്യത്തിൽ സംസ്ഥാനത്ത് കനത്ത ജാഗ്രത.
തിരുവനന്തപുരം നഗരത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന-ജില്ലാ ഓഫീസുകൾക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
കെപിസിസി നേതാവ് കെ.സുധാകരന്റേയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും സുരക്ഷ വർധിപ്പിച്ചു.
പ്രധാന നേതാക്കളുടെ വീടുകള്‍ക്കും പൊലീസ് സുരക്ഷ കൂട്ടി. കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ തിരുവനന്തപുരത്തെ ഇന്ദിരാ ഭവന്റെയും സുരക്ഷ വര്‍ധിപ്പിച്ചു.
ഇന്ന് പ്രതിഷേധ മാര്‍ച്ചുകള്‍ നടക്കുമെന്ന കണക്കുകൂട്ടലില്‍ മിക്കയിടത്തും കൂടുതല്‍ പൊലീസിനെ നിയോഗിക്കും.
ഇന്നലെ രാത്രി 11.30യോടെയാണ് എകെജി സെന്ററിനു നേരെ സ്കൂട്ടറിലെത്തിയ ഒരാള്‍ ബോംബെറിഞ്ഞത്. എ കെ ജി സെന്ററിന്റെ ഹാളിലേക്കുള്ള പ്രവേശന വഴിയായ ഗേറ്റിന്റെ ഭാഗത്തേക്കായിരുന്നു ബോംബേറ്.
വാഹനം നിര്‍ത്തിയ ശേഷം കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്ന് സ്ഫോടക വസ്തു എടുത്തെറിയുന്നത് ദൃശ്യത്തിലുണ്ട്.
ആക്രമണത്തിന്റെ സി സി ടി വി ദൃശ്യങ്ങളും പുറത്തുവന്നു. ബോംബെറിഞ്ഞതിന് ശേഷം ഇയാൾ കുന്നുകുഴി ഭാഗത്തേക്ക് സ്കൂട്ടറോടിച്ചു പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
സ്ഫോടന ശബ്ദവും പുകയും ഉണ്ടായതിനെ തുടര്‍ന്ന് പ്രധാന ഗേറ്റിന് സമീപമുണ്ടായിരുന്ന പോലീസും ഓഫീസിലുണ്ടായിരുന്ന ജീവനക്കാരും ഓടിയെത്തിയപ്പോഴേക്കും സ്കൂട്ടറിലെത്തിയയാള്‍ രക്ഷപ്പെട്ടിരുന്നു.
കരിങ്കൽ ഭിത്തിയിൽ സ്ഫോടക വസ്തു പതിച്ചതിന്റെ അവശിഷ്ടങ്ങൾ പോലീസ് കണ്ടെത്തി. എ.വിജയരാഘവന്, ഇ.പി.ജയരാജന്, പി.കെ. ശ്രീമതി, മന്ത്രി വീണ ജോര്‍ജ് എന്നിവർ ഇന്നലെ രാത്രി തന്നെ സ്ഥലത്തെത്തിയിരുന്നു.
സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ ഉള്‍പ്പടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തിരുവനന്തപുരം നഗരത്തിനുള്ളില്‍ പ്രതിഷേധ പ്രകടനം നടത്തി.
പ്രതിയെ ഇനിയും തിരിച്ചറിഞ്ഞില്ല; അന്വേഷിക്കാൻ പ്രത്യേക സംഘം
എകെജി സെന്ററിലേക്ക് നടന്ന ആക്രമണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ കന്റോൺമെന്റ് എസിയാണ് അന്വേഷിക്കുക.
ബോംബ് എറിഞ്ഞ പ്രതിയെ കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതുവരേയും പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.
പ്രതിയെത്തിയ വാഹനത്തിന്റെ നന്പറിനെപ്പറ്റിയും വ്യക്തതയില്ല. അതേസമയം പ്രതിയെപ്പറ്റി ചില സൂചനകൾ ലഭിച്ചതായി സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു. പ്രദേശത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
കണ്ണൂരിലും ജാഗ്രത
എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണത്തിൽ കണ്ണൂരിൽ ജാഗ്രത പുലർത്തി പോലീസ്. മുഖ്യമന്ത്രി പിണറായി വിജയന്റേയും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെയും വീടുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു.
ജില്ലയിലെ മിക്ക പാര്‍ട്ടി ഓഫീസുകളും പൊലീസ് നിരീക്ഷണത്തിലാണ്. പ്രതിഷേധ മാര്‍ച്ചുകള്‍ അക്രമാസക്തമാകാതിരിക്കാന്‍ കനത്ത ജാഗ്രതയിലാണ് പൊലീസ്.