തിരുവനന്തപുരം: മെഡിസെപ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെ ക്ഷുഭിതനായി മുഖ്യമന്ത്രി. പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുന്നതിനിടെ മുഴങ്ങിക്കേട്ട ചെണ്ടമേളമാണ് മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയത്.
മുഖ്യമന്ത്രിക്കും സർക്കാരിനും അഭിവാദ്യം അർപ്പിച്ചെത്തിയ സർക്കാർ ജീവനക്കാരുടെ പ്രകടനത്തോടൊപ്പം എത്തിയ മേളക്കാർ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം തുടങ്ങിയിട്ടും മേളം തുടർന്നു.
ഇതോടെ താൻ മേളം തീരുന്നതു വരെ പ്രസംഗം നിർത്തുകയാണെന്നു പറഞ്ഞ മുഖ്യമന്ത്രി വേദിയിൽ കാത്തു നിന്നു. അൽപ്പസമയത്തിനു ശേഷം സംഘാടകരുടെ നിർദേശ പ്രകാരം മേളം നിർത്തി.
പ്രസംഗം തുടർന്ന മുഖ്യമന്ത്രി, “ഇതിനെ കുറിച്ച് ഞാൻ ഇപ്പോൾ കൂടുതൽ ഒന്നും പറയുന്നില്ല’ എന്നു പറഞ്ഞു കൊണ്ടാണ് ക്ഷോഭം പ്രകടിപ്പിച്ചത്.