വിഴിഞ്ഞം: മദ്യപിച്ചെത്തി പിഞ്ചുകുഞ്ഞിനെ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളലേൽപ്പിച്ച പിതാവ് അറസ്റ്റിൽ. മുല്ലൂർ കുഴിവിളാകം കോളനിയിൽ അഗസ്റ്റിൻ (31) നെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു.ഇടതു കാലിൽ സാരമായി പരുക്കേറ്റ ഒന്നര വയസുകാരി ആശുപത്രിയിൽ ചികിത്സയിലാണ്.
ഭാര്യയുമായി വഴക്കുണ്ടാക്കിയ അഗസ്റ്റിൻ കുഞ്ഞിനെ പൊള്ളിക്കുകയായിരുന്നെന്നും അഞ്ച് വയസുള്ള മകനോട് കുറ്റം ഏറ്റെടുക്കാൻ സമ്മർദം ചെലുത്തിയെന്നും അറസ്റ്റിലായ പ്രതി നേരത്തെ പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞവെള്ളി രാത്രിയിലുണ്ടായ സംഭവം കുഞ്ഞിന്റെ അമ്മൂമ്മ കഴിഞ്ഞ ദിവസം പോലീസിൽ പരാതിപ്പെട്ടതിലൂടെയാണ് പുറത്തറിഞ്ഞത്.
എല്ലാ ദിവസവും തന്റെ വീട്ടിൽ കൊണ്ടുവരുന്ന കുഞ്ഞിനെ നാലു ദിവസമായി കാണാനില്ലാത്തതു ശ്രദ്ധിച്ച അമ്മൂമ്മ തിങ്കളാഴ്ച മുല്ലൂരിലെ വീട്ടിൽ എത്തിയപ്പോഴാണ് കുഞ്ഞിന്റെ കാലിലെ മുറിവ് ശ്രദ്ധയിൽപ്പെട്ടത്.
കാര്യമന്വേഷിച്ചപ്പോൾ അഞ്ച് വയസുള്ള മൂത്തമകൻ ഇസ്തിരിപ്പെട്ടി ചൂടാക്കി പൊള്ളലേൽപ്പിച്ചതെന്നാണ് വീട്ടുകാർ പറഞ്ഞത്. സംശയം തോന്നിയ അമ്മൂമ്മ പോലീസിൽ പരാതിനൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
കുറച്ചു നാൾ മുൻപ് കുഞ്ഞിന്റെ നെഞ്ചിൽ പൊള്ളലേൽപ്പിച്ച സംഭവമുണ്ടായിട്ടുണ്ടെന്നും പോലീസിന് വിവരം കിട്ടി. പ്രതിയെ കോടതിയിൽ ഹാജരാക്കി.