വാഷിങ്ടണ്‍ ഡിസി : ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം നിഷേധിക്കുന്ന പുതിയ വിധിക്കെതിരെ അമേരിക്കന്‍ സെനറ്റില്‍ വനിതാ അംഗങ്ങളുടെ പ്രതിഷേധം.
സഭ പാസാക്കിയ ബില്ലില്‍ അപ്പര്‍ ചേംബറില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ ‘എന്റെ ശരീരം, എന്റെ തീരുമാനം’ എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് വനിതാ അംഗങ്ങള്‍ സെനറ്റിലേക്ക് മാര്‍ച്ച് ചെയ്തു.
ബില്ല് പാസാക്കുന്നതിന് 60 വോട്ടുകളാണ് വേണ്ടിയിരുന്നത്. 49-51 വോട്ടുകള്‍ക്ക് പരാജയപ്പെട്ടെങ്കിലും രാജ്യത്ത് പുതിയ നിയമ നിര്‍മാണം സംബന്ധിച്ച ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് ഇതിലൂടെ തുടക്കം കുറിച്ചു കഴിഞ്ഞു.
ഗര്‍ഭച്ഛിദ്രം വനിതകളുടെ ഭരണഘടനാപരമായ അവകാശമാക്കി മാറ്റിയ അരനൂറ്റാണ്ടു മുമ്പ് വന്ന ‘റോ വേഴ്സസ് വേഡ്’ കേസിലെ വിധിയാണ് അമേരിക്കന്‍ സുപ്രീംകോടതി ഇക്കഴിഞ്ഞ ദിവസം അസാധുവാക്കിയത്.
അതോടെ, ഗര്‍ഭച്ഛിദ്രം അനുവദിച്ചോ വിലക്കിയോ നിയമം പാസാക്കാനുള്ള അവകാശം ഫെഡറല്‍ സര്‍ക്കാരില്‍ നിന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്കു ലഭിച്ചു. ഇതാണ് കടുത്ത പ്രതിഷേധത്തിലേക്ക് കടക്കാന്‍ വനിതാ അംഗങ്ങളെ പ്രേരിപ്പിച്ചത്.
രാഷ്ട്രീയ പരമായും പുതിയ വിധി അമേരിക്കയില്‍ കടുത്ത പ്രതിഷേധങ്ങള്‍ക്ക് ചൂട് പകരുന്നുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഗര്‍ഭച്ഛിദ്രത്തിനെതിരേ കര്‍ശന നിലപാടുകള്‍ സ്വീകരിച്ചിരിക്കുന്നത്.
13 സംസ്ഥാനങ്ങള്‍ നേരത്തേതന്നെ ഈ നിയമം നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. പുതിയ സുപ്രീംകോടതി വിധിയോടെ ഇവയ്ക്കെല്ലാം നിയമ സാധുത കൈവരും.
പുതിയ വിധി നടപ്പാക്കുന്നതോടെ അമേരിക്കയിലെ 50 സംസ്ഥാനങ്ങളില്‍ പകുതിയും ഗര്‍ഭച്ഛിദ്രം വിലക്കുന്ന നിയമങ്ങള്‍ നടപ്പാക്കുമെന്നാണ് റിപ്പോര്‍ടുകള്‍ പറയുന്നത്.
അതേസമയം, പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന കലിഫോര്‍ണിയ, ന്യൂമെക്സിക്കോ, മിഷിഗണ്‍ മുതലായ സംസ്ഥാനങ്ങള്‍ ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്ന നിയമങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമം തുടങ്ങി.
ഗര്‍ഭം ധരിച്ച് 15 ആഴ്ചയ്ക്കു ശേഷം അബോര്ഷന് വിലക്കിക്കൊണ്ട് മിസിസിപ്പി സംസ്ഥാനം കൊണ്ടുവന്ന നിയമത്തെ ചോദ്യംചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഈ ചരിത്രവിധി.
ഇതോടെ അമേരിക്കന്‍ വനിതകള്‍ക്ക് സുരക്ഷിതമായി ഗര്‍ഭച്ഛിദ്രം നടത്താന്‍ ഭരണഘടനാപരമായി അവകാശമുണ്ടെന്നു വ്യക്തമാക്കി 1973-ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവാണ് അസാധുവാക്കപ്പെട്ടത്.
എന്താണ് റോ വെഴ്സസ് വേഡ് കേസ്?
അര നൂറ്റാണ്ട് മുന്‍പുള്ള ഒരു കേസാണിത്. കൃത്യമായി പറഞ്ഞാല്‍ 1969 ല്‍ നടന്ന കേസ്. അന്ന് അമേരിക്കയില്‍ ഗര്‍ഭച്ഛിദ്ര നിയമങ്ങള്‍ ഏറെ കര്‍ക്കശമായിരുന്നു.
1969 ല്‍ ടെക്സസില്‍ നോര്‍മ മക്കോര്‍വി തന്റെ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭച്ഛിദ്രം നടത്താന്‍ ശ്രമിച്ചതാണ് കേസിന്റെ തുടക്കം.
അമ്മയുടെ ജീവന് ഹാനിയുണ്ടാകുന്ന സാഹചര്യത്തില്‍ മാത്രമെ ടെക്സസില്‍ ഗര്‍ഭച്ഛിദ്രം അനുവദിച്ചിരുന്നുള്ളു.
ഇതോടെ ഇവര്‍ ജയിന് റോ എന്ന പേരില്‍ ജില്ലാ കോടതിയില്‍ കേസ് നല്കി. ബലാത്സംഗത്തെത്തുടര്‍ന്നാണ് താന്‍ ഗര്‍ഭിണിയായതെന്നു അതിനാല്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.
ഡാലസ് കൗണ്ടിയിലെ ജില്ലാ അറ്റോര്‍ണിയായിരുന്ന ഹെന്റി വേഡ് ആയിരുന്നു എതിര്‍ഭാഗത്ത്. ഇതേത്തുടര്‍ന്നാണ് ഈ കേസ് റോ വെഴ്സസ് വേഡ് എന്ന പേരില്‍ അറിയപ്പെട്ടത്.
കേസ് തള്ളിപ്പോയി. കേസ് നടക്കുന്നതിനിടെ നോര്‍മ പ്രസവിച്ചു. കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല നിയമം ലഭിച്ചെങ്കിലും ഷെല്ലി ആന്‍ തോര്ട്ടോന്റെ ജന്മം നടന്നു കഴിഞ്ഞിരുന്നു. ഏഴ് മാസംവരെയുള്ള ഗര്‍ഭച്ഛിദ്രം അനുവദിച്ചു കൊണ്ടായിരുന്നു സുപ്രീം കോടതി വിധി.
ഗര്‍ഭച്ഛിദ്ര ക്ലിനിക്കിലെ ജീവനക്കാരിയായിരുന്ന നോര്‍മ പിന്നീട് ഗര്‍ഭച്ഛിദ്രത്തിനെതിരായ പോരാട്ടത്തിന്റെ മുന്നണിപ്പോരാളിയായി.
എന്നാല്‍, തന്റെ ഹര്‍ജിയുടെ ചുവടുപിടിച്ച് പ്രസ്താവിക്കപ്പെട്ട വിധി സുപ്രീംകോടതി തിരുത്തുന്നത് കാണാന്‍ നോര്‍മ ഉണ്ടായിരുന്നില്ല.
69ാം വയസ്സില്‍ ഹൃദയാഘാതം വന്ന് ലോകത്തോട് വിടപറഞ്ഞു. സുപ്രീംകോടതി പഴയ നിയമം റദ്ദാക്കിയതോടെ ഗര്‍ഭച്ഛിദ്രം അനുവദിച്ചോ വിലക്കിക്കൊണ്ടോ നിയമം പാസാക്കാനുള്ള അനുമതി ഫെഡറല്‍ സര്‍ക്കാരില്‍ നിന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിച്ചു.
ഭരണഘടനാ അവകാശം ഇല്ലാതാകുമ്പോള്‍
സുപ്രീം കോടതിയുടെ പുതിയ വിധിയോടെ അമേരിക്കയിലെ പകുതിയോളം സംസ്ഥാനങ്ങളും ഗര്‍ഭച്ഛിദ്രം വിലക്കുന്ന നിയമങ്ങള്‍ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്.
13 സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ ഇത്തരം നിയമനിര്‍മാണം നടത്തിയിട്ടുണ്ട്. ഗര്‍ഭം ധരിച്ച് 15 ആഴ്ചയ്ക്ക് ശേഷം ഗര്‍ഭച്ഛിദ്രം വിലക്കിക്കൊണ്ട് അബോര്‍ഷനെ എതിര്‍ക്കുന്ന റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള മിസിസിപ്പി സംസ്ഥാനം കൊണ്ടുവന്ന നിയമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി.
മിസിസിപ്പിയിലെ കൊടുങ്കാറ്റ്
ഡോബ്സ് വെഴ്സസ് ജാക്സന് വിമന്‍സ് ഹെല്‍ത്ത് ഓര്ഗനൈസേഷന് കേസിലാണ് ഇപ്പോഴത്തെ വിധി. 15 ആഴ്ചകള്‍ക്ക് ശേഷമുള്ള ഗര്‍ഭച്ഛിദ്രം ആണ് മിസിസിപ്പി സംസ്ഥാനം വിലക്കിയത്.
വിധി അമേരിക്കന്‍ രാഷ്ട്രീയത്തിലും സാമൂഹിക അന്തരീക്ഷത്തിലും വന്‍ കോളിളക്കം ആണ് സൃഷ്ടിച്ചിരിക്കുന്നത്. വിധി നിരാശാജനകമെന്നാണ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം.
അതേസമയം യാഥാസ്ഥിതികരായ റിപ്പബ്ലിക്കന്‍ പാര്ട്ടിക്കാര് വിധിയെ സ്വാഗതം ചെയ്യുകയാണ്. വരും ദിവസങ്ങള്‍ വിഷയം കൂടുതല്‍ പ്രക്ഷുബ്ധമായേക്കാം.