സെബി മാത്യു
ന്യൂഡൽഹി: രാജ്യത്ത് ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഉപഭോക്താക്കളിൽനിന്ന് സർവീസ് ചാർജ് ഈടാക്കുന്നതിനു വിലക്ക്.
കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി സർവീസ് ചാർജ് വിലക്കുന്നതു സംബന്ധിച്ച് മാർഗനിർദേശങ്ങൾ ഇറക്കി. ഭക്ഷണത്തിന്റെ ബില്ലിനൊപ്പം നേരിട്ടോ മറ്റൊരു പേരിലോ സർവീസ് ചാർജ് ഈടാക്കരുതെന്നാണു നിർദേശം.
ഉപഭോക്താക്കളിൽനിന്ന് സർവീസ് ചാർജ് ഈടാക്കുന്നത് ഉപഭോക്ത്യ അവകാശലംഘനമാണ്.ബാർ ഹോട്ടലുകളിലും സർവീസ് ചാർജ് ഈടാക്കരുതെന്നാണ് നിർദേശങ്ങളിൽനിന്നു വ്യക്തമാകുന്നത്.
ഭക്ഷണബില്ലിൽ ഉൾപ്പെടുത്തി ജിഎസ്ടി കൂടി ചേർത്ത് സർവീസ് ചാർജ് നേരിട്ടല്ലാതെ ഈടാക്കാനും പാടില്ല. സർവീസ് ചാർജ് നിർബന്ധമില്ലെന്നും ഭക്ഷണം കഴിക്കാനെത്തുന്നവരുടെ താത്പര്യം അനുസരിച്ചു നൽകാവുന്നതു മാത്രമാണെന്നും ഉപഭോക്താക്കളോട് വ്യക്തമാക്കണം.
സർവീസ് ചാർജ് സംബന്ധിച്ച പരാതികൾ ഉപഭോക്താക്കൾക്ക് 1915 എന്ന നാഷണൽ കണ്സ്യൂമർ ഹെൽപ് ലൈൻ നന്പറിൽ വിളിച്ച് അറിയിക്കാം.
ഇ-ഡാഖി പോർട്ടലിലൂടെ ഇ-മെയിൽ വഴിയും പരാതികൾ നൽകാം. ജില്ലാ കളക്ടർ ഉൾപ്പടെ സർക്കാർ അധികൃതർക്ക് നേരിട്ടു പരാതി നൽകുകയും ചെയ്യാം.
ഉപഭോക്താക്കളുടെ അറിവിൽ പെടുത്താതെ ഹോട്ടലുകളും റസ്റ്ററന്റുകളും സർവീസ് ചാർജ് ബില്ലിൽ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ടു നിരവധി പരാതികൾ ലഭിച്ചതായി ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി വ്യക്തമാക്കി.
പലപ്പോഴും നേരിട്ടല്ലാതെ മറ്റു പേരുകളിലാണ് സർവീസ് ചാർജ് ഈടാക്കിയിരുന്നത്. വിലവിവര പട്ടികയിലും മെനു കാർ ഡിലും ഭക്ഷണ-പാനീയങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്ന വിലയ്ക്കു പുറമേ മറ്റൊരു തുക മറ്റേതെങ്കിലും പേരിൽ ഈടാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് കുറ്റകരമാണ്.
ഹോട്ടലുകളിലും റസ്റ്ററന്റുകളിലും വെയ്റ്റർമാർക്ക് ടിപ്പ് നൽകുന്നത് പൂർണമായും ഉപഭോക്താവിന്റെ തീരുമാനം അടിസ്ഥാനമാക്കി മാത്രമാണ്.
ഭക്ഷണം കഴിച്ചശേഷം സംതൃപ്തിയുടെ അടിസ്ഥാനത്തിൽ നന്ദിസൂചകമായി ടിപ്പ് നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉപഭോക്താവിനു മാത്രമാണെന്നും പുതിയ മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു.
സർവീസ് ചാർജിന്റെ പേരിൽ ഏതെങ്കിലും സ്ഥാപനത്തിൽ വിലക്കേർപ്പെടുത്തുന്നതോ നിർബന്ധിതമാക്കുന്നതോ കുറ്റകരമാണ്.
ഹോട്ടലുകളിലോ റസ്റ്ററന്റുകളിലോ സർവീസ് ചാർജ് ഭക്ഷണത്തിന്റെ വിലയോടൊപ്പം ഉൾക്കൊള്ളിച്ചതായി കണ്ടെത്തിയാൽ അതു നീക്കം ചെയ്യാൻ ഉപഭോക്താവിന് ആവശ്യപ്പെടാമെന്നും ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി ചീഫ് കമ്മീഷണർ നിധി ഖേര ഇറക്കിയ മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു.
പ്രധാന നിർദേശങ്ങൾ
=ഹോട്ടലുകളിലോ റസ്റ്ററന്റുകളിലോ നേരിട്ടോ പരോക്ഷമായോ സർവീസ് ചാർജ് ഈടാക്കരുത്.
= മറ്റൊരു പേരിലോ തരത്തിലോസർവീസ് ചാർജ് ഈടാക്കരുത്.
= സർവീസ് ചാർജ് നൽകാൻ സ്ഥാപനങ്ങൾ ഉപഭോക്താക്കളെ ഒരു തരത്തിലും നിർബന്ധിക്കരുത്.
= സർവീസ് ചാർജിന്റെ പേരിൽഉപഭോക്താക്കൾക്ക് പ്രവേശനംനിഷേധിക്കരുത്.
=ജിഎസ്ടികൂടി ഉൾപ്പെടുന്ന ഭക്ഷണ ബില്ലിന്റെ ആകെ തുകയുടെകൂടെ സർവീസ് ചാർജ് ഉൾപ്പെടുത്തി ഈടാക്കരുത്.