സ്വന്തം ലേഖകൻ
കൊച്ചി: അപസ്മാരരോഗത്തെക്കുറിച്ചുള്ള തെറ്റായ ധാരണകൾക്കും അനാവശ്യ ഉത്കണ്ഠകൾക്കും ഉത്തരമാവുകയാണ് മൂന്നു ഡോക്ടർമാർ ചേർന്നൊരുക്കിയ “മിഥ്യ’ എന്ന ഹൃസ്വചിത്രം.
അപസ്മാരമുള്ള സ്ത്രീക്ക് ആരോഗ്യമുള്ള കുഞ്ഞിനെ ഗർഭം ധരിച്ചു പ്രസവിക്കാനാകില്ലെന്നാണു പൊതുവെയുള്ള ധാരണ.
കാലങ്ങളായി സമൂഹം പിന്തുടരുന്ന ഈ മിഥ്യാധാരണ ദ്യശ്യാവിഷ്ക്കാരത്തിലൂടെ പൊളിച്ചെഴുതുകയാണ് കോട്ടയം കാരിത്താസ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർ റെജി ദിവാകരനും സഹപ്രവർത്തകരും.
ഒരു അപകടത്തെതുടർന്നുള്ള ചികിൽസയ്ക്കിടെ അപസ്മാരം പിടിപെടുന്ന യുവതിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.
വിവാഹം നിശ്ചയിച്ചശേഷം അപസ്മാരം പിടിപെടുന്ന ഈ പെണ്കുട്ടിയെ വിവാഹം ചെയ്താലുണ്ടാകുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രതിശ്രുതവരന്റെ മാതാപിതാക്കൾ വിവാഹത്തെ എതിർക്കുന്നതും എതിർപ്പ് അവഗണിച്ച് അതേ യുവതിയെ വിവാഹം കഴിച്ച് വിജയകരമായ ദാന്പത്യം നയിക്കുന്നതും യുവതി ആരോഗ്യമുള്ള കുഞ്ഞിന് ജൻമം നല്കുന്നതുമാണ് “മിഥ്യ’ മുന്നോട്ടുവയ്ക്കുന്ന കഥ.
ഡോക്ടേഴ്സ് ദിനമായ ജൂലൈ ഒന്നിന് യു ട്യൂബിൽ റിലീസ് ചെയ്ത ചിത്രം മൂന്നു ദിവസത്തിനകം ആയിരക്കണക്കിനാളുകളാണ് ലൈക്ക് ചെയ്തത്. ഡോ. റെജിയുടെ കഥയിൽ ന്യൂറോ സർജൻ ഡോ. സരീഷ്കുമാർ, ന്യൂറോളജിസ്റ്റ് ഡോ. ജോസഫ് സെബാസ്റ്റ്യൻ എന്നിവർ കഥാപാത്രങ്ങളായി.
ഇവർക്കൊപ്പം ആശുപത്രിയിലെ മറ്റു നാലു സ്റ്റാഫും ചെറിയ വേഷങ്ങൾ ചെയ്തു. സോബിയാണ് സംവിധാനം നിർവഹിച്ചത്. ഒപിയിൽ വരുന്ന രോഗികളുടെ ആശങ്കകളുടേയും നാളിതുവരെയുള്ള ക്ലിനിക്കൽ അനുഭവങ്ങളുടെയും വെളിച്ചത്തിലാണ് ഈ ഉദ്യമമെന്ന് ഡോ. റെജി പറഞ്ഞു.
അപസ്മാരമുള്ള യുവതിയെ വിവാഹം കഴിച്ച തന്റെ സുഹൃത്ത് പങ്കുവച്ച ചില ആശങ്കകളും ഇത്തരമൊരു ആശയത്തിലേക്കു നയിച്ചു.
സാമൂഹ്യ പ്രതിബദ്ധതയുള്ള ഇത്തരം വിഷയങ്ങളിൽ ഇനിയും ചിത്രങ്ങൾ ഒരുക്കുമെന്നു പറയുന്ന ഡോ.റെജി ജാതകം നോക്കി പ്രസവതീയതി നിശ്ചയിക്കുന്ന തെറ്റായ പ്രവണതയ്ക്കെതിരേയുള്ള ഹൃസ്വചിത്രമാണ് അടുത്ത ഡോക്ടേഴ്സ് ഡേയിലേക്ക് പ്ലാൻ ചെയ്യുന്നത്.