തിരുവനന്തപുരം: ഭരണഘടനയെ അപമാനിക്കുന്ന തരത്തിൽ പ്രസംഗിച്ച സാംസ്കാരിക-ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ കാര്യത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനും മറുടപടിയില്ലെന്നും ഇതിന് സ്പീക്കർ കൂട്ടുനിന്നുവെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
നിയമങ്ങൾക്കും ചട്ടങ്ങൾക്കും കീഴ് വഴക്കങ്ങൾക്കും എതിരായാണ് നിയമസഭയിൽ സ്പീക്കർ ശൂന്യവേള റദ്ദാക്കിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മന്ത്രി ഭരണഘടനയെയും ശിൽപ്പികളെയും അപമാനിച്ച സംഭവം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
അതിന് മറുപടി പറയാതെ മുഖ്യമന്ത്രിയും സർക്കാരും ഒളിച്ചോടുന്ന കാഴ്ചയാണ് സഭയിൽ കണ്ടത്. മനഃപൂർവമായി ഭരണകക്ഷി അംഗങ്ങൾ സീറ്റിൽനിന്ന് ഇറങ്ങിവന്ന് പ്രകോപനം സൃഷ്ടിച്ചുവെന്നും സതീശൻ പറഞ്ഞു.
ചോദ്യോത്തരവേളയിൽ മുദ്രാവാക്യം വിളിക്കുന്നത് ആദ്യമായല്ല. വെളിയിൽ പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങാതിരുന്നിട്ടും ആദ്യമായാണ് ചോദ്യോത്തരവേളയും ശൂന്യവേളയും മറ്റു നടപടി ക്രമങ്ങളും സ്പീക്കർ റദ്ദാക്കിയത്.
ഇതിൽനിന്നും വളരെ വ്യക്തമാണ് കാര്യങ്ങൾ. തങ്ങൾ ഉന്നയിക്കുന്ന, നാട് ഉന്നയിക്കുന്ന കാര്യങ്ങളിൽ മുഖ്യമന്ത്രിക്കും സർക്കാരിനും മറുപടിയില്ല.സജി ചെറിയാന്റെ രാജിയിൽ കുറഞ്ഞൊന്നും ഇല്ലെന്നും സതീശൻ ആവർത്തിച്ചു.