വിഴിഞ്ഞം: പോലീസിനെയും ഫയർഫോഴ്സിനെയും മുൾമുനയിൽ നിർത്തി യുവതിയുടെ ആത്മഹത്യാ ഭീഷണി. ഭർത്താവിനോട് പിണങ്ങി ആരാധനാലയത്തിന്റെ ഗോപുരത്തിന് മുകളിൽ കയറി താഴേക്ക് ചാടാൻ ശ്രമിച്ച യുവതിയെ പോലീസും ഫയർഫോഴ്സും അനുരജ്ഞനത്തിലൂടെ താഴെയിറക്കി.
വിദേശത്ത് നിന്ന് തിരികെയെത്തിയ ഭർത്താവ് തന്നെയും മക്കളെയും സംരക്ഷിക്കുന്നില്ലെന്ന് പരാതിയുമായി ദേവാലയത്തിലെത്തിയ രണ്ട് കുട്ടികളുടെ മാതാവായ കോട്ടപ്പുറം സ്വദേശി മുപ്പത്തിരണ്ട് കാരിയാണ് അധികൃതരെയും വിശ്വാസികളെയും വട്ടം കറക്കിയത്.
ഇന്നലെ രാവിലെ ഒന്പതോടെയാണ് സംഭവത്തിന് തുടക്കം.പള്ളി ഗോപുരത്തിന്റെ ആറാം നിലക്കപ്പുറമുള്ള ഏറ്റവും ഉയരത്തിൽ കയറിക്കൂടിയ യുവതി കുടുംബ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കി.
കൈക്കുഞ്ഞടക്കം രണ്ട് മക്കളെയും മാതാവിനെയും താഴെ നിർത്തിയ ശേഷമായിരുന്നു ഭീഷണി. സാധാരണ ഗതിയിൽ ഗോപുരവാതിൽ പൂട്ടുകയാണ് പതിവ്.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പെയിന്റടിക്കാൻ തൊഴിലാളികൾ ഉണ്ടായിരുന്നതിനാൽ ഗേറ്റ് തുറന്നിട്ടിരിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
ഇതുവഴിയാണ് യുവതി മുകളിൽ കയറിയത്. വിഴിഞ്ഞം എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഗോപുരത്തിൽ കയറി യുവതിയെ അനുനയിപ്പിക്കാനുള്ള ആദ്യ ശ്രമം പാഴായി.
തുടർന്ന് പോലീസ് ഫയർഫോഴ്സിന്റെ സഹായം തേടി. വിഴിഞ്ഞം ഫയർ സ്റ്റേഷൻ ഓഫീസർ ടി.കെ.അജയ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അനുനയിപ്പിച്ച് യുവതിയെ താഴെയിറക്കി. പോലീസിന്റെ നേതൃത്വത്തിലുള്ള ഒത്ത് തീർപ്പ് ചർച്ചകൾക്കു ശേഷം ഇരുവരെയും വിട്ടയച്ചു.