ഏറ്റുമാനൂർ: നീണ്ടൂർ എസ്കെവി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽനിന്നും ലാപ്ടോപ്പുകളും കാമറകളും കവർന്ന മോഷ്ടാക്കൾ പിടിയിൽ.
നീണ്ടൂർ സ്വദേശികളായ പറയൻകുന്നേൽ ധനരാജ് (21), തൊമ്മൻപറന്പിൽ അരവിന്ദ് രാജു (20) എന്നിവരാണു പിടിയിലായത്.
മോഷണവിവരം പുറത്തറിഞ്ഞ് 24 മണിക്കൂറിനുള്ളിൽ ഏറ്റുമാനൂർ പോലീസിനു മോഷ്ടാക്കളെ പിടികൂടാനായി. ഒരു കിലോമീറ്ററോളം ഓടി മോഷ്ടാക്കളുടെ ഒളിയിടം കണ്ടെത്തിയ പോലീസ് നായ അപ്പുവും താരമായി.
മോഷ്ടിക്കപ്പെട്ട മൂന്ന് ലാപ്ടോപ്പുകൾ സ്കൂളിന് തൊട്ടടുത്തുള്ള കെട്ടിടത്തിൽനിന്ന് ഇന്നലെ രാവിലെ കണ്ടെത്തിയിരുന്നു.
ഇവിടെനിന്നു മണം പിടിച്ച് ഓടിയ പോലീസ് നായ അപ്പു പ്രതികൾ ഒളിച്ചിരുന്ന ചെറുമുട്ടം ഭാഗത്ത് എത്തുകയായിരുന്നു.
സ്കൂളിന് തൊട്ടടുത്ത് എസ്എൻഡിപി യോഗം വക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആൽഫ ട്യൂഷൻ സെന്ററിലെ അധ്യാപകൻ അജിത് ആണ് ടോയ്ലറ്റിൽ ഒരു ബാഗ് ഇരിക്കുന്നത് കണ്ടത്.
ബാഗിൽ രണ്ട് ലാപ്ടോപ്പുകൾ ഉണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ സ്കൂൾ പിടിഎ പ്രസിഡന്റ് കെ.ബി. ശശി ഏറ്റുമാനൂർ പോലീസിൽ അറിയിച്ചു.
ഏറ്റുമാനൂർ പോലീസും കോട്ടയത്തുനിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി. പോലീസിന്റെ പരിശോധനയിൽ അതേ കെട്ടിടത്തിന്റെ മുകൾ നിലയിലെ മുറിയിൽനിന്നും ഒരു ലാപ്ടോപ്പ് കൂടി കണ്ടുകിട്ടി.
അപ്പുവിനെ കണ്ട് ഓടിയ മോഷ്ടാക്കളെ പോലീസ് ഓടിച്ചിട്ട് പിടികൂടി
മോഷണ വസ്തുക്കളിൽനിന്നും മണം പിടിച്ച പോലീസ് നായ അപ്പു ഒരു കിലോമീറ്ററോളം ഓടി ചെറുമുട്ടം ഭാഗത്തെത്തി.
പോലീസ് നായയുടെ വരവുകണ്ട് ഓടിയ മൂന്നുപേരെ പിന്തുടർന്ന് പോലീസും നാട്ടുകാരും ഓടി. ഒരാളെ പോലീസ് കീഴടക്കി.
അവിടെനിന്നും രക്ഷപ്പെട്ട അടുത്തയാൾ വഴിയെ പോയ വയോധികയുടെ കുടക്കീഴിൽ നടന്ന് രക്ഷപ്പെടാനുള്ള ശ്രമം നടത്തി. ഇയാളെയും പോലീസ് പിടികൂടി.
മൂന്നാമത്തെയാൾ പോലീസിനെക്കണ്ട് ഭയന്ന് ഓടിയതാണെന്നും മോഷ്ടാക്കളുമായി ബന്ധമില്ലെന്നും പിന്നീട് മനസിലായി. പ്രതികളെ സ്കൂളിലും സമീപത്തെ കെട്ടിടത്തിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.
മോഷ്ടിച്ച മറ്റൊരു ലാപ്ടോപ്പും കാമറകളും തൊഴിലുറപ്പു തൊഴിലാളികൾ തൊഴിൽ സാധനങ്ങൾ സൂക്ഷിക്കുന്ന ഷെഡിൽനിന്നു കണ്ടെടുത്തു.
പ്രതികൾ ഈ സ്കൂളിലെ പൂർവ വിദ്യാർഥികളും മയക്കുമരുന്ന് കഞ്ചാവ് കേസിലെ പ്രതികളുമാണ്.
ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ സി.ആർ. രാജേഷ്കുമാർ, സബ് ഇൻസ്പെക്ടർമാരായ കെ. കെ. പ്രശോഭ്, മാത്യു പി. പോൾ, അഡീഷണൽ സബ് ഇൻസ്പെക്ടർമാരായ സിനോയ്, മനോജ്, സിപിഒമാരായ ഡെന്നി പി. ജോയ്, പ്രവീണ്, ജോതികൃഷ്ണൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.