കോട്ടയം: ഡ്രൈവിംഗിനിടയിലെ നിയമലംഘനം പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച കാമറകൾ പടമെടുക്കും പക്ഷേ, നടപടിയില്ല.
ജില്ലയിൽ 44 ഇടങ്ങളിലായി സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് കാമറകളാണ് ഇതുവരെയും പ്രവർത്തനം തുടങ്ങാത്തത്.
നടത്തിപ്പ് ചുമതലയുള്ള കെൽട്രോൾ ഉദ്യോഗസ്ഥർ എത്താത്തതിനാലാണു നടപടികൾ വൈകുന്നതെന്നാണു മോട്ടോർ വാഹനവകുപ്പിന്റെ ഒൗദ്യോഗിക വിശദീകരണം. എന്നാൽ, കേന്ദ്രസർക്കാരിന്റെ അനുമതി വൈകുന്നതാണു കാരണമെന്നാണ് സൂചന.
ഫെബ്രുവരി, മാർച്ച് മാസങ്ങളിലായാണു കാമറകൾ സ്ഥാപിച്ചത്. ഏപ്രിൽ ഒന്നിനു പ്രവർത്തിച്ചു തുടങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നത്.
എന്നാൽ, അന്നു മുതൽ ചിത്രമെടുത്തു തുടങ്ങിയതല്ലാതെ നടപടികളൊന്നുമുണ്ടായിട്ടില്ല. ജില്ലയിൽ നഗരപ്രദേശങ്ങ കേന്ദ്രീകരിച്ചും പ്രധാന റോഡുകളിലുമാണ് കാമറകൾ സ്ഥാപിച്ചത്.
കോട്ടയത്ത് ചവിട്ടുവരി, നാഗന്പടം, കഞ്ഞിക്കുഴി,കോടിമത, കുമരകം റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തോടുകൂടിയ കാമറകൾ ട്രാഫിക് നിയമലംഘകരെയെല്ലാം കുടുക്കുന്നുവയാണ്. മൊബൈലിൽ സംസാരിച്ചും ഹെൽമെറ്റ് , സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയും വാഹമോടിക്കുക,
ഇരുചക്ര വാഹനങ്ങളിൽ മൂന്നുപേർ യാത്ര ചെയ്യുക, മറ്റുള്ളവർക്കു അപകടം ഉണ്ടാക്കുന്ന വിധത്തിൽ വണ്ടിയോടിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ പിടിക്കാനാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയുള്ള കാമറകൾ.
കാറിൽ മുൻസീറ്റിലെ രണ്ടുപേരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന നിയമം ലംഘിച്ചാലും പിടി വീഴും.
കാമറകൾ ഒപ്പിയെടുക്കുന്ന ചിത്രങ്ങൾ കോട്ടയത്തെയും തിരുവനന്തപുരത്തെയും കണ്ട്രോൾ റൂമിൽ ലഭ്യമാകും. ഇവിടെ നിന്നുമാണ് പിഴത്തുക അടങ്ങിയ നോട്ടീസ് നൽകുക. വാഹനത്തിന്റെ നന്പരിന്റെ അടി
സ്ഥാനത്തിൽ ഉടമയുടെ വീട്ടിലേക്കു നോട്ടീസ് എത്തും. 24 മണിക്കൂറും പ്രവർത്തിക്കുന്നവയായതിനാൽ രാത്രികാല നിയമലംഘകർക്കും പിടിവീഴും. നിലവിൽ മോട്ടോർ വാഹന വകുപ്പിന്റെ സ്ക്വാഡുകളും ഇന്റർസെപ്റ്റർ വാഹനവും ഉപയോഗിച്ചാണ് ഇത്തരം നിയമ ലംഘകരെ പിടികൂടുന്നത്.
പോലീസും പരിശോധന നടത്താറുണ്ട്. എന്നാൽ, ഇതു പലപ്പോഴും തർക്കങ്ങളിൽ കലാശിക്കും. മാത്രമല്ല, ചിലർക്ക് ഇളവു കൊടുക്കുന്നതും പരാതിക്കു കാരണമാകാറുണ്ട്. എന്നാൽ, കാമറകൾ പ്രവർത്തന സജ്ജമായാൽ ഇത്തരം പരാതികൾ കുറയും.