നെടുങ്കണ്ടം: ഉടുമ്പന്‍ചോലയ്ക്കു സമീപം ചെമ്മണ്ണാറില്‍ മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ടയാളെ സമീപത്തെ വീട്ടുമുറ്റത്തു മരിച്ച നിലയില്‍ കണ്ടെത്തിയതു കൊലപാതകമെന്നു തെളിഞ്ഞു.സംഭവത്തിൽ ഒരാൾ അറസ്റ്റിലായി.
സേനാപതി വട്ടപ്പാറ വരിക്കപ്പള്ളിയില്‍ ജോസഫാ(56)ണ് മരിച്ചത്. കേസില്‍ ചെമ്മണ്ണാറില്‍ ഓട്ടോറിക്ഷ ഡ്രൈവറായ കൊന്നക്കപ്പറമ്പില്‍ രാജേന്ദ്രന്റെ അറസ്റ്റാണ് ഇന്നലെ രാത്രി വൈകി പോലീസ് രേഖപ്പെടുത്തിയത്.
ജോസഫിന്റെ കഴുത്തു ഞെരിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നു കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്മോന് അറിയിച്ചു.
പ്രതിയെ ഇന്നു രാവിലെ കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴുത്തിനുള്ളിലെ എല്ലുകള്‍ പൊട്ടി ശ്വാസതടസമുണ്ടായാണ് മരണമെന്നു പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച പുലര്‍ച്ചെ നാലിനും അഞ്ചിനുമിടയിലാണ് രാജേന്ദ്രന്റെ വീട്ടില്‍ പ്രതി മോഷ്ടിക്കാനായി കയറിയത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് ജോസഫ് അകത്തു കടന്നത്.
രാജേന്ദ്രന് ഉറങ്ങിക്കിടന്ന മുറിയില്‍ കയറി അലമാര തുറക്കാന്‍ ശ്രമിക്കുന്നതിനിടെ ജോസഫിന്റെ കൈതട്ടി ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന മൊബൈല്‍ ഫോണ്‍ നിലത്തു വീണു.
ശബ്ദം കേട്ട് രാജേന്ദ്രന് ഉണര്‍ന്നതോടെ ജോസഫ് പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടെന്നാണ് രാജേന്ദ്രന് കരുതിയിരുന്നത്. ഇതോടെ രാജേന്ദ്രൻ പിന്തുടർന്നെത്തി.
ഇരുവരും തമ്മില്‍ മല്‍പ്പിടിത്തമുണ്ടായി. ഓടി രക്ഷപ്പെട്ടെന്നു പറയുന്ന ജോസഫിനെ 150 മീറ്റര്‍ അകലെ മറ്റൊരു വീടിന്റെ മുറ്റത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തന്നെ കടിച്ചു പരിക്കേല്‍പ്പിച്ച ശേഷം ജോസഫ് രക്ഷപ്പെട്ടെന്നാണ് രാജേന്ദ്രന് പറഞ്ഞിരുന്നത്.
എന്നാൽ, മൃതദേഹം കിടന്നിരുന്ന വീട്ടുമുറ്റത്തും മല്പിടിത്തം നടന്നതിന്റെ സൂചനകള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
കൊലപാതകമെന്നു സൂചന ലഭിച്ചതോടെ ഉടുമ്പന്‍ചോല സിഐ ഫിലിപ് സാം, നെടുങ്കണ്ടം സിഐ ബി.എസ്. ബിനു എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘത്തിനു ജില്ലാ പോലീസ് മേധാവി രൂപം നല്‍കിയിരുന്നു.