കൊച്ചി: വിദ്യാര്‍ഥികളെ കയറ്റാതിരിക്കാന്‍ ബസ് സ്റ്റോപ്പില്‍ നിര്‍ത്താതെ പോകുകയും ഇത് ചോദ്യം ചെയ്തതില്‍ പ്രതിഷേധിച്ചു വാഹനത്തില്‍ നിന്ന് ഇറങ്ങി പോവുകയും ചെയ്ത സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി.
എടത്തല കുഴിവേലിപ്പടി സ്വദേശി കെ.എസ്. സുധീറിനെതിരേയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ഇയാള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി പോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
മേയ് 19 നാണ് കേസിനാസ്പദമായ സംഭവം. എറണാകുളം – പുക്കാട്ടുപാടി റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ ബസ് കുഴിവേലിപ്പടി കെഎംഇഎ കോളജിനു സമീപത്തെ സ്റ്റോപ്പിൽ നിര്‍ത്തിയില്ല.
ഇതു വിദ്യാർഥികൾ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ബസ് നിര്‍ത്തി വാഹനത്തില്‍ നിന്ന് ഡ്രൈവർ ഇറങ്ങിപ്പോയത്. ഇത് പ്രദേശത്തു ഗതാഗത തടസമുണ്ടാകുന്നതിനും കാരണമായി.
സുധീറിനെ കൂടിക്കാഴ്ചയ്ക്കായി ലൈസന്‍സിംഗ് അഥോറിറ്റി വിളിച്ച സമയത്ത് ലൈസന്‍സിന്റെ അസല്‍ ഹാജരാക്കിയിരുന്നില്ല.
15 ദിവസത്തിനകം ലൈസന്‍സ് ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും സുധീര്‍ അതിനു തയാറായില്ല. മോട്ടോര്‍ വാഹന നിയമങ്ങളും ലൈസന്‍സിംഗ് അഥോറിറ്റി നിര്‍ദേശങ്ങളും ലംഘിച്ചതിനാണു നടപടി.