കൊരട്ടി: വീട്ടമ്മയെ ചിരവകൊണ്ട് പരിക്കേല്പിച്ച് സ്വർണവുമായി മുങ്ങിയ പ്രതിക്കു വേണ്ടി കൊരട്ടി പോലീസ് അന്വേഷണം ഉൗർജിതമാക്കി.
കൊരട്ടി കട്ടപ്പുറം മേലേടൻ പോളിയുടെ ഭാര്യ ജെസി(58)യെ ഇന്നലെ ചിരവ കൊണ്ട് അക്രമിച്ചാണ് മൂന്നു വളയും ഒരു മാലയും അടക്കം മൂന്നര പവനോളം സ്വർണവുമായി ഇയാൾ മുങ്ങിയത്.
ജെസിയുടെ ഭർതൃമാതാവിന്റെ സഹോദരന്റെ മകനും മാന്പ്ര വേഴപ്പറന്പൻ അന്തോണിയുടെ മകനുമായ ജോബി എന്നയാളാണ് പ്രതി.
ബന്ധുവായ പ്രതി ചൊവ്വാഴ്ച വൈകീട്ട് ഇവരുടെ വീട്ടിൽ വന്ന് ക്ഷേമാന്വേഷണങ്ങൾ നടത്തി ചായ കുടിച്ച് മടങ്ങി. തനിക്കു കുറച്ച് ദിവസമായി കാതിക്കുടത്താണു ജോലിയെന്നും സൂചിപ്പിച്ചു.
ഇന്നലെ രാവിലെ എട്ടരയോടെ വീണ്ടും ജോബി ജെസിയുടെ വീട്ടിലെത്തി. സമീപവാസികളെക്കുറിച്ച് ചോദിച്ചറിഞ്ഞ ജോബി ജെസിയുടെ ഭർത്താവ് ജോലിക്കു പോയെന്ന് ഉറപ്പു വരുത്തിയ ശേഷം ഉച്ചയ്ക്ക് 12 ന് വീണ്ടും വീട്ടിലെത്തി.
ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന ജെസിയെ പിറകിലൂടെ വന്ന് മർദിച്ച് ചിരവ കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് സ്വർണവുമായി രക്ഷപ്പെട്ടു.
പൊതുവെ ശാരീരിക അസ്വസ്ഥതകൾ അനുഭവിക്കുന്നയാളാണ് ജെസി. സംഭവം മകളെ ഫോണ് വിളിച്ച് അറിയിച്ചതിനെ തുടർന്ന് സമീപവാസികളെത്തി ജെസിയെ കൊരട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം നൽകി.
സംഭവമറിഞ്ഞ് സിഐ ബി.കെ. അരുണ്, എസ്ഐമാരായ ഷാജു എടത്താ ടൻ, സി.എസ്. സൂരജ് എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
സ്വർണവുമായി മുങ്ങിയ ജോബി വീട്ടിലെത്തി ഏഴായിരം രൂപ നൽകിയതായും അങ്കമാലിക്കു പോകുന്നതായി പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയതായും ഭാര്യ പോലീസിനോടു പറഞ്ഞു. ഇയാളുടെ ഫോണ് സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പ്രതിക്കുവേണ്ടി അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്.