കോട്ടയം: തെരുവു നായ്ക്കൾ വഴിയാത്രക്കാരെ അക്രമിക്കുന്ന സംഭവങ്ങൾക്കിടയിൽ കോട്ടയത്ത് തെരുവ് നായയും സ്വകാര്യ ബസ് കണ്ടക്ടറും തമ്മിലുള്ള ചങ്ങാത്തം കൗതുകമാകുന്നു.
ബസ് വരാൻ കാത്തു നിൽക്കുന്ന നായയും കണ്ടക്ടറെ കാണുന്പോഴുള്ള നായയുടെ സ്നേഹപ്രകടനവുമൊക്കെ കാണേണ്ടതുതന്നെയാണ്.
തിരുനക്കര ബസ് സ്റ്റാന്‍ഡ് താവളമാക്കിയ നായയാണ് ഇവിടുത്തെ താരം. രാവിലെ 6.30ന് ആദ്യ ട്രിപ്പെടുക്കാൻ കോട്ടയം- അയർക്കുന്നം റൂട്ടിൽ സർവീസ് നടത്തുന്ന ജാക്വലിൻ ബസ് തിരുനക്കര സ്റ്റാന്റിൽ എത്തുന്പോൾ നായ അവിടെ കാത്തു നിൽക്കുന്നുണ്ടാവും.
കണ്ടക്ടർ കുടമാളൂർ സ്വദേശി രതീഷ് ബസിൽ നിന്നിറങ്ങി വരുന്പോൾ നായ ഓടിച്ചെന്ന് വാലാട്ടി ദേഹത്തേക്ക് ചാടി കയറും.
പിന്നെ രണ്ടു പേരും അടുത്ത കടയിലേക്ക്. ചായയും ബിസ്കറ്റും വാങ്ങി നായക്ക് കൊടുത്തിട്ടേ രതീഷ് ചായ കുടിക്കു. നായക്ക് അപ്പു എന്നാണ് രതിഷ് ഇട്ടിരിക്കുന്ന പേര്.
രതീഷ് ഉച്ചത്തിൽ ‘മെഡിക്കൽ കോളജ്’ എന്നു വിളിച്ച് യാത്രക്കാരെ കയറ്റുന്പോൾ നായ എവിടെയാണെങ്കിലും ഓടിയെത്തും.
തിങ്ങിനിറഞ്ഞ യാത്രക്കാർക്കിടയിലുടെ നടന്നു നീങ്ങുന്ന നായ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ല. ഒന്നു കുരയ്ക്കുക പോലും ചെയ്യാറില്ല.
നാടാകെ പേപ്പട്ടി ശല്യം രൂക്ഷമായ സാഹചര്യത്തിൽ കോട്ടയത്തെ തെരുവ് നായയും കണ്ടക്ടറും തമ്മിലുള്ള സ്നേഹപ്രകടനങ്ങൾ കൗതുകമാവുകയാണ്.