കടുത്തുരുത്തി: ഓട്ടത്തിനിടെ സ്കൂള്‍ ബസിന്റെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തേക്കു തെറിച്ചു വീണ എല്‍കെജി വിദ്യാര്‍ഥിക്കു ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ഇന്ന് തുടര്‍ നടപടികള്‍ ഉണ്ടായേക്കും.
ഇന്ന് രാവിലെ കുട്ടിയുടെ മാതാപിതാക്കളെയും സ്കൂള്‍ അധികൃതരെയും ബസ് ജീവനക്കാരെയും വിളിപ്പിച്ചിട്ടുണ്ടെന്നും തുടര്‍ന്നാവും നടപടിയെന്നും എസ്ഐ വിബിന് ചന്ദ്രന് പറ്ഞു.
ഇതിനുശേഷം മെക്കാനിക്കല്‍ തകരാറാണോ എമര്‍ജന്‍സി വാതില്‍ തനിയെ തുറക്കാനിടയായ കാരണമെന്നു കണ്ടെത്താന്‍ ബസ് പരിശോധിക്കുമെന്നും എസ്ഐ പറയുന്നു.
ചൊവ്വാഴ്ച്ച വൈകുന്നേരം 3.45 ഓടെ കടുത്തുരുത്തി- പെരുവ റോഡില്‍ മങ്ങാട് ഷാപ്പുംപടി ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. കടുത്തുരുത്തി കൈയ്യാലയ്ക്കല്‍ അഖില്‍ അരവിന്ദാക്ഷന്റെ മകന് അദ്വൈത് (മൂന്നര) നാണ് പരിക്കേറ്റത്.
കെ എസ് പുരത്തുള്ള സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ഥിയാണ് അദ്വൈത്. ഓട്ടത്തിനിടെ സ്ക്കൂള് ബസിന്റെ എമര്‍ജന്‍സി വാതില്‍ തനിയെ തുറന്ന് പോയതോടെ പുറത്തേക്ക് തെറിച്ച കുട്ടി ബസിന്റെ കമ്പിയില്‍ തൂങ്ങിക്കിടന്നതിനു ശേഷമാണ് തെറിച്ചു റോഡിലേക്കു വീണതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
അപകടം അറിഞ്ഞത്
ബസിന് പുറകിലുണ്ടായിരുന്ന കാര്‍ ഡ്രൈവര്‍ ഹോണ്‍ മുഴക്കിയാണ് ബസ് ജീവനക്കാരെ അപകട വിവരമറിയിച്ചത്. റോഡില്‍ വീണ കുട്ടിയ ഉടന്‍ തന്നെ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികിത്സ നല്കി.
കുട്ടിയുടെ മുഖത്തിനും കൈ, കാലുകള്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഒരു കുട്ടിയെ ഇറക്കിയ ശേഷം ബസ് മുന്നോട്ട് എടുക്കുമ്പോളാണ് അപകടമുണ്ടായതെന്നും പുറകിലെ സീറ്റില്‍ കിടന്ന ഉറങ്ങുകയായിരുന്ന കുട്ടിയുടെ കൈ തട്ടിയാവാം എമര്‍ജന്‍സി വാതില്‍ തുറന്നുപോയതെന്നു കരുതുന്നതെന്നും സ്കൂള്‍ പ്രന്‍സിപ്പല്‍ കെ.എസ്. രാജു പറഞ്ഞു.
സ്കൂള്‍ ബസിന് വലിയ പഴക്കമില്ലെന്നും ഇദേഹം പറഞ്ഞു.ഇതേസമയം സ്കൂള്‍ ബസില്‍ നിന്നും താഴെ വീണു കുട്ടിക്കു ഗുരുതരമായി പരിക്കേറ്റ സംഭവം ഉണ്ടായിട്ടും അപകടത്തില്‍പെട്ട ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ ഇതുവരെയും രംഗത്ത് വന്നട്ടില്ല.
ഇയാള്‍ സ്വകാര്യ ആവശ്യത്തിനായി പോയിരിക്കുകയാണെന്നും ഇന്ന് രാവിലെ പോലീസ് സ്റ്റേഷനിലെത്തുമെന്നുമാണ് സ്കൂള്‍ അധികൃതര്‍ നല്കുന്ന വിശദീകരണം. സംഭവം സംബന്ധിച്ചു കേസെടുക്കാന്‍ കടുത്തുരുത്തി പോലീസും തയാറായിട്ടില്ല.
എന്നാല്‍ സ്കൂള്‍ ബസില്‍ നിന്ന് പുറത്തേക്കു തെറിച്ചു വീണ് വിദ്യാര്‍ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കുമെന്ന് വൈക്കം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.