കൊച്ചി: ലൈഫ് മിഷൻ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന് സിബിഐ നോട്ടീസ്.
തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മറ്റൊരു പ്രതിയായ സരിത്തിനും സിബിഐ നോട്ടീസ് നൽകിയിരുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസാണിത്.
കേന്ദ്ര സുരക്ഷ: സ്വപ്നയുടെ ഹർജി ഇന്ന്
പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ തനിക്ക് കേന്ദ്ര സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
കേന്ദ്ര സുരക്ഷ നൽകാനാകില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ, തന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് സ്വപ്ന ആവർത്തിക്കുന്നത്.
ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഹർജിയും ഇന്ന്
ഇതിനിടെ സംസ്ഥാന പോലീസ് രജിസ്റ്റർ ചെയ്ത ഗൂഢാലോചനാക്കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്.
ഈ കേസിൽ സ്വപ്നയെ തൽക്കാലം അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് സ്വപ്ന
അതേസമയം, മുഖ്യമന്ത്രിക്കും ക്രൈംബ്രാഞ്ചിനുമെതിരേ ആഞ്ഞടിച്ച് സ്വപ്ന സുരേഷ് ഇന്നലെ രംഗത്ത് എത്തിയിരുന്നു. ഗൂഢാലോചന ക്കേസിൽ ചോദ്യംചെയ്യലിനു വിളിപ്പിച്ച അന്വേഷണസംഘം മാനസികമായി പീഡിപ്പിച്ചു.
തന്റെ അന്നം മുട്ടിച്ച മുഖ്യമന്ത്രിക്ക് തൃപ്തിയായോ എന്നും സ്വപ്ന ചോദിച്ചു. താൻ ഇനി തെരുവിലോ ബസ് സ്റ്റാൻഡിലോ ഏതു റോഡിലാണെങ്കിലും ഉടുതുണിക്കു മറുതുണിയില്ലാതെ കഴിയേണ്ടിവന്നാലും കേരളത്തിലെ ജനങ്ങളെ സത്യം ബോധ്യപ്പെടുത്തും.
ജീവനുണ്ടെങ്കിൽ അതിനായി അറ്റം വരെ പോരാടും. മുഖ്യമന്ത്രിക്ക് എന്തു ചെയ്യാൻ കഴിയുമെങ്കിലും ചെയ്തോളൂ എന്നും അവർ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
മൊഴിയിൽ മാറ്റമില്ല
മുഖ്യമന്ത്രിയെക്കുറിച്ചുള്ള സത്യങ്ങൾ പുറത്തുകൊണ്ടുവന്നതിന് അദ്ദേഹം എന്നെ ഉപദ്രവിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ഞാൻ ഇതുവരെ നൽകിയിട്ടുള്ള മൊഴി സത്യമാണ്.
അതിൽ മാറ്റമില്ല. 2016 മുതൽ 2020 വരെ നടന്ന കാര്യങ്ങൾ ഇന്നലെ വന്ന വക്കീലിനോ എച്ച്ആർഡിഎസിനോ അറിയില്ല. വക്കീലിന്റെ രാഷ്ട്രീയവും വിശ്വാസവും എന്നെ ബാധിക്കുന്ന കാര്യമല്ല.
തങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള 770 കലാപക്കേസുകളിൽ പ്രതിയാക്കുമെന്ന് ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തി. ചോദ്യംചെയ്യൽ എന്ന പേരിൽ എന്നെയും ഞാനുമായി ബന്ധപ്പെട്ട് നിൽക്കുന്നവരെയും വേട്ടയാടുകയാണ്.
ഗൂഢാലോചനക്കേസിൽ കഴിഞ്ഞ ദിവസം ചോദ്യംചെയ്യലിനു ഹാജരായപ്പോൾ എന്റെ കൈവശമുള്ള, മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ സാന്പത്തിക കൈമാറ്റങ്ങളുടെ രേഖ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. വീണയ്ക്കു ബിസിനസ് നടത്തിക്കൂടേയെന്നാണ് ഒരു ഉദ്യോഗസ്ഥൻ ചോദിച്ചത്.
എച്ച്ആർഡിഎസുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും അഡ്വ. കൃഷ്ണരാജിന്റെ വക്കാലത്ത് ഒഴിയണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടു.
164 മൊഴിയിലെ വിവരങ്ങൾ തേടിയ സംഘം ആ മൊഴിക്ക് ’പവർ’ ഇല്ലെന്നു പറഞ്ഞു. അതേസമയം, ഇതൊന്നും എന്റെ 164 മൊഴിയെ ബാധിക്കുന്ന കാര്യങ്ങളല്ലെന്നും സ്വപ്ന വ്യക്തമാക്കി.
ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതികരിച്ച മുഖ്യമന്ത്രി ഒന്നു മനസിലാക്കണം, അങ്ങേക്കു മാത്രമല്ല മകളുള്ളത്.
കേരളത്തിലുള്ള എല്ലാ പെണ്മക്കളോടും മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. അല്ലാതെ സ്വന്തം മകളെ മാത്രം നോക്കിയാൽ പോരാ. ഞങ്ങളെയെല്ലാം അദ്ദേഹം പെണ്മക്കളായി കാണണം.
മുഖ്യമന്ത്രി അന്നം മുട്ടിച്ചു
ഒരു സ്ഥാപനവും എന്നെ ഇതുവരെയും പുറത്താക്കിയിട്ടുണ്ടായിരുന്നില്ല. സർക്കാർ സംവിധാനങ്ങൾ നിരന്തരം വേട്ടയാടിയതോടെയാണ് ഇത് സംഭവിച്ചത്.
മുഖ്യമന്ത്രി എന്റെ അന്നം മുട്ടിച്ചു. കേരളത്തിൽ എന്താണു സംഭവിക്കുന്നത്. ഒരു സ്ത്രീയെ ജീവിക്കാൻ അനുവദിക്കാതെ നടുറോഡിൽ ഇറക്കി വിട്ടിരിക്കുന്നു.
ആദ്യം താമസിച്ചിരുന്ന ഫ്ളാറ്റിൽ നിന്നു പുറത്താക്കി. പിന്നീടു വീടു മാറേണ്ടിവന്നു. ഇപ്പോൾ ജോലിയും പോയി. ഇതോടെ എന്റെ മക്കൾക്ക് അന്നമില്ലാതായി.
ഞങ്ങളെല്ലാം തെരുവിലാണ്. ഇനി ഞങ്ങൾ കയറിക്കിടക്കുന്ന ആ വാടകവീട്ടിലേക്കു പോലീസിനേയും പട്ടാളത്തെയും അയച്ച് അവിടുന്നും ഇറക്കിവിടുകയാണെങ്കിലും കേസുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സ്വപ്ന പറഞ്ഞു.