സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം നഗരമധ്യത്തിലുള്ള ഈസ്റ്റ് പോലീസ് സ്റ്റേഷനു മുന്നിൽ യുവാവിനെ തല്ലിക്കൊലപ്പെടുത്തിയിട്ട കേസിലെ പ്രതികളിൽ ഒരാളായ യുവാവ് ജയിൽ ചാടി.
ഈ കേസിൽ കൂട്ടു പ്രതിയായ ഓട്ടോഡ്രൈവർ ബിനുമോനാണ് സബ് ജയിലിൽ നിന്നു ചാടിയത്.ഇന്നു പുലർച്ചെ 5.30നു ബിനുമോനെ സെല്ലിൽ നിന്നു പുറത്തേയ്ക്കിറക്കിയപ്പോഴാണ് ജയിൽ ചാടിയത്.
അടുക്കള ഭാഗത്ത് എത്തിച്ച പ്രതി ഇവിടെ പലക സ്ഥാപിച്ച ശേഷം പുറത്തേക്കു ചാടുകയായിരുന്നു. ഇയാൾക്കായി അന്വേഷണം ഉൗർജിതമാക്കിയതായി പോലീസ് അറിയിച്ചു. കോട്ടയം സബ് ജയിലിന്റെയും പരിസരത്തും തിരച്ചിൽ നടക്കുന്നുണ്ട്.
അന്വേഷണത്തിൽ…
നഗരത്തിലെ സിസിടിവി കാമറകൾ പരിശോധിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ ജോമോനൊപ്പം കോട്ടയം നഗരമധ്യത്തിൽ വച്ച് യുവാവിനെ തല്ലിക്കൊന്ന് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനു മുന്നിൽ കൊണ്ടിട്ട കേസിലായിരുന്നു ബിനുമോനെ പ്രതി ചേർത്തിരുന്നത്.
യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷനു മുന്നിലിട്ട കേസിൽ പ്രതിയായ ജോമോനൊപ്പം ബിനുമോനും ഉണ്ടായിരുന്നു.
കോട്ടയം കളക്്ടറേറ്റിനു സമീപം മുട്ടന്പലം ഉറുന്പനത്ത് ഷാൻ ബാബുവിനെ(19)യാണ് ഗുണ്ടാ സംഘം അടിച്ചും ഇടിച്ചും കൊലപ്പെടുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ പിഡബ്യുഡി റസ്റ്റ് ഹൗസിനു സമീപം വാടകയ്ക്കു താമസിക്കുന്ന കോതമന വീട്ടിൽ ജോമോൻ കെ.ജോസ് (കെ.ഡി ജോമോനെ -40) നെതിരെ പോലീസ് കാപ്പ ചുമത്തിയിരുന്നു. ഈ കേസിലാണ് ബിനുമോനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നത്.
കോട്ടയം ജില്ലാ ജയിലിൽ സംഭവിച്ചതു വൻ സുരക്ഷാവീഴ്ച
കോട്ടയം: കോട്ടയം നഗരമധ്യത്തിൽ യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷനു മുന്നിലിട്ട കേസിലെ അഞ്ചാം പ്രതി ജയിൽ ചാടിയത് ഗുരുതരമായ സുരക്ഷാ വീഴ്ച.
കേസിലെ പ്രതിയായ യുവാവ് ജയിൽ ചാടിയത് ജില്ലാ ജയിൽ അധികൃതരുടെ വീഴ്ചയാണെന്നാണ് സൂചന.മുട്ടന്പലം ഉറുന്പനത്ത് ഷാനിനെ(19) കൊലപ്പെടുത്തിയ കേസിലെ അഞ്ചാം പ്രതിയായ ബിനുമോനാണ്് ജയിൽ ചാടിയത്.
കേസിൽ കൃത്യമായ അന്വേഷണം നടത്തിയ പോലീസ് സംഘം 180 ദിവസം കൊണ്ട് കുറ്റപത്രം സമർപ്പിച്ചതിനാൽ സംഭവത്തിനു ശേഷം മൂന്നു മാസത്തോളമായി പ്രതി ജയിലിൽ തന്നെ കഴിയുകയായിരുന്നു.
ഇതേ തുടർന്ന് കഴിഞ്ഞ ദിവസം ജയിലിലെത്തിയ ഭാര്യയോട് തന്നെ എങ്ങനെയെങ്കിലും പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു ബിനുമോൻ ജയിൽ ചാടിയത്.
2022 ജനുവരി 17 നായിരുന്നു കേസിനാസപ്ദമായ സംഭവം. മുട്ടന്പലം സ്വദേശിയായ ഷാനെ നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ ജോമോന്റെ നേതൃത്വത്തിലുള്ള സംഘം തല്ലിക്കൊന്ന് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനു മുന്നിലിടുകയായിരുന്നു.
ഈ കേസിൽ അഞ്ചാം പ്രതിയായിരുന്നു മീനടം കോട്ടയം മോളയിൽ ബിനുമോൻ. ഇയാളുടെ ഓട്ടോറിക്ഷയിലാണ് ഷാനെ കൊലപ്പെടുത്തിയ ശേഷം റോഡരികിൽ കൊണ്ടു തള്ളിയതെന്നായിരുന്നു കേസ്.
കോട്ടയം ഡിവൈഎസ്പി ജെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിച്ച് 75-ാമത്തെ ദിവസം തന്നെ കുറ്റപത്രം സമർപ്പിച്ചിരുന്നു.
അഞ്ചാം പ്രതിയായ ബിനു മോൻ നിരവധി തവണ ജാമ്യാപേക്ഷ നൽകിയിരുന്നു. പ്രതികൾക്ക് എതിരെ കൃത്യമായ തെളിവ് ശേഖരിക്കുകയും കൃത്യസമയത്ത് തന്നെ പോലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തതിനാലാണ് പ്രതികൾക്കാർക്കും ജാമ്യം ലഭിക്കാതിരുന്നത്.