തിരുവനന്തപുരം: എകെജി സെന്റർ ആക്രമണം നടന്നിട്ട് ഒൻപത് ദിവസം പിന്നിട്ടു. പ്രതിയെ കണ്ടെത്താൻ പോലീസ് സി-ഡാക്കിന്റെ സഹായം തേടി.
സ്ഫോടകവസ്തു എറിഞ്ഞ അക്രമിയുടെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം സി-ഡാക്കിന് കൈമാറി. അക്രമി സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നന്പർ ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്താനും സിസിടിവി ദൃശ്യങ്ങൾ കൂടുതൽ വ്യക്തതയിൽ എടുക്കാനുമാണ് സി-ഡാക്കിന് സിസിടിവി ദൃശ്യങ്ങൾ കൈമാറിയത്.
അക്രമിയെ പിടികൂടാനാകാത്തത് പോലീസിനും ആഭ്യന്തരവകുപ്പിനും ഏറെ നാണക്കേടായി മാറിയ സാഹചര്യത്തിലാണ് അന്വേഷണ സംഘം പുതിയ വഴി തേടിയിരിക്കുന്നത്.
സിറ്റി ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ ദിനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.