മഴ കാരണം ചുവരിലും വസ്ത്രങ്ങളിലും ഈർപ്പമുള്ളതിനാൽ ഫംഗസ് പിടിക്കാം. ഇതു കാരണം തുടർച്ചയായി തുമ്മലുള്ള അലർജി രോഗക്കാരിൽ അവ വർധിക്കാം.
കാരണങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്നതോടൊപ്പം രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതും അലർജി കുറയ്ക്കുന്നതുമായ മരുന്നുകൾ കൂടി ഉപയോഗിക്കണം.
ആസ്ത്്മാരോഗികൾ….
ആസ്ത്്മാ രോഗികളും തുടർച്ചയായും ശക്തിയായും ചുമയുള്ളവരും മഴക്കാലത്ത് തുടക്കത്തിലേതന്നെ മരുന്നുകൾ വർധിപ്പിക്കേണ്ടി വരും.
അതിനായി നിലവിലെ മരുന്നുകൾ തുടരുന്നതിനൊപ്പം ആയുർവേദ ഡോക്ടറുടെ ഉപദേശമനുസരിച്ചുള്ള മരുന്നുകൾ ഉൾപ്പെടുത്തുകയും രോഗവർധനയുണ്ടാക്കുന്ന ഭക്ഷണവും മറ്റു ശീലങ്ങളും ഒഴിവാക്കുകയും വേണം.
സന്ധിവേദനയും വീക്കവും
മുട്ടിനും കഴുത്തിനും തോളിനും കൈകാൽക്കുഴകൾക്കും നടുവിനുമുള്ള വീക്കവും വേദനയും അനക്കാനുള്ള പ്രയാസവും സാധാരണ വർധിക്കുന്ന കാലമാണിത്.
താരതമ്യേന അവ പ്രധാന സന്ധികളുമാണല്ലോ? നടുവേദനയ്ക്കൊപ്പം കാലുകളിലേക്കുള്ള പെരുപ്പും കഴപ്പും വർധിക്കാം. കഴുത്തുവേദനയ്ക്കൊപ്പം കൈകളിലേയ്ക്കുള്ള പെരിപ്പിനൊപ്പം തലവേദനയും തലകറക്കവും ഓക്കാനവുമുണ്ടാകാം.
കിടക്കുന്ന കാര്യത്തിൽ…
ഒരുവശം ചരിഞ്ഞു കിടക്കുന്നവരിൽ കഴുത്തുവേദന കൂടുകയും മലർന്നു കിടക്കുന്നവരിൽ നടുവേദന കൂടുകയും ചെയ്യാം.
രോഗത്തിനനുസരിച്ച് ഏതു രീതിയിൽ ഇരിക്കണമെന്നും കിടക്കണമെന്നുമുള്ള കാര്യങ്ങൾ കൂടി ചികിത്സകനോട് ചോദിച്ച് മനസിലാക്കേണ്ടതുണ്ട്.
മധുരം, തണുപ്പ്, പകലുറക്കം…
മഴക്കാലത്ത് വിശപ്പ് കൂടുമെന്നതിനാൽ കിട്ടുന്നതൊക്കെ കഴിച്ച് വണ്ണം കൂട്ടാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം. മധുരം, തണുപ്പ്, പകലുറക്കം, കിഴങ്ങുവർഗങ്ങൾ, പായസം, ഉഴുന്ന്, മാംസാഹാരം എന്നിവയെല്ലാം വണ്ണം വർധിപ്പിക്കുമെന്നതിനാൽ വളരെ ശ്രദ്ധയോടെ ഒഴിവാക്കണം.
മെലിഞ്ഞിരിക്കുന്നവർക്ക് വണ്ണം കൂട്ടുന്നതിന് സഹായകമായ കാലമാണിത്. എന്നാൽ, മഴക്കാലമായതിനാൽ ഒഴിവാക്കണമെന്ന് പറഞ്ഞവ അവരും ശീലിക്കരുത്.
ചർമരോഗങ്ങളുള്ളവർ
ത്വക്കിനെ ബാധിക്കുന്ന രോഗങ്ങളും പലകാരണങ്ങളാൽ മഴക്കാലത്ത് വർധിക്കാം. മഴവെള്ളത്തിലും ചെളിവെളളത്തിലും അഴുക്കുചാലിലും ചവിട്ടുന്നവർ, കാലിൽ മുറിവുള്ളവർ, പാദം വെടിച്ചുകീറലും വിരലുകൾക്കിടയിൽ ഫംഗസ് ബാധയുമുള്ളവർ, കുഴിനഖമുള്ളവർ തുടങ്ങിയ പ്രശ്നമുള്ളവർ ഇവ ശ്രദ്ധിച്ചേ മതിയാകൂ.
വിവരങ്ങൾ – ഡോ. ഷർമദ് ഖാൻ BAMS,
MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി,
നേമം, തിരുവനന്തപുരം ഫോൺ – 9447963481